മുക്കം പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് തലയോട്ടി കണ്ടെത്തി

മുക്കം: മുക്കം പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ തലയോട്ടി കണ്ടെത്തി. പൊലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പിറകിലെ മാലിന്യത്തിലാണ് ഇത് കണ്ടത്. മുക്കം പൊലീസ് സ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. മുക്കം സിഎച്ച്സിയിൽ പരിശോധിച്ച് തലയോട്ടി മനുഷ്യന്റെതാണന്ന് സ്ഥിരീകരിച്ചു. വർഷങ്ങൾക്ക് മുമ്പ് തൊട്ടടുത്ത കെട്ടിടത്തിൽ താമസിച്ചവർ ഉപേക്ഷിച്ച തലയോട്ടിയാണിതെന്നാണ് സൂചന.
കെട്ടിട ഉടമയേയും നേരത്തെ അവിടെ താമസിച്ചവരേയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. അവിടെ താമസിക്കുമ്പോൾ മുറിയിൽ ഒരു തലയോട്ടിയുണ്ടായിരുന്നെന്നും ഒപ്പം താമസിച്ചയാൾക്ക് മെഡിക്കൽ വിദ്യാർഥിയായ സുഹൃത്ത് സമ്മാനമായി നൽകിയതാണെന്നുമായിരുന്നു അന്നത്തെ താമസക്കാരന്റെ മറുപടി. തൊട്ടടുത്ത കെട്ടിടത്തിലെ വാടക മുറിയിൽ തലയോട്ടിപോലെയൊന്ന് കണ്ടിരുന്നുവെന്ന് സമീപവാസികളും മൊഴിനൽകി. മുറിയിൽ പുതിയ താമസക്കാർ വന്നപ്പോൾ നേരത്തെ താമസിച്ച മെഡിക്കൽ വിദ്യാർഥിയുടെ സുഹൃത്ത് ഉപേക്ഷിച്ചു പോയ തലയോട്ടി മാലിന്യത്തിലേക്ക് തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
