മൂന്ന് വയസ്സുകാരിയെ വേലക്കാരിയും കാമുകനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി

ചെന്നൈ : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ വേലക്കാരിയേയും കാമുകനേയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ചെന്നൈ പൊലീസ് പ്രശംസ നേടി. ഷേണോയ് നഗറിലെ നന്ദിനിയുടേയും അരുള്‍ രാജിന്റെയും മകളായ അനിവികയെയാണ് വേലക്കാരിയായ അംബികയും കാമുകന്‍ മൊഹമ്മദ് ഖലീഫുള്ളയും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളുടെ പക്കല്‍ നിന്നും മോചന ദ്രവ്യം നേടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ കൃത്യസമയത്ത് ഇടപെട്ട പൊലീസ് ഇരുവരേയും വലയിലാക്കി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
സ്കൂള്‍ വിട്ടുവന്ന അന്‍വികയുമായി നടക്കാനിറങ്ങിയ അംബിക കുറച്ചു സമയത്തിനു ശേഷം കുട്ടിയുടെ അമ്മ നന്ദിനിയെ വിളിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അംബികയുടെ ഫോണ്‍ സ്വിച്ച് ഓഫായി. തൊട്ടു പിറകെ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് ഖലീഫുള്ളയുടെ വിളിവന്നു. അന്‍വിക തന്റെ അടുത്തുണ്ടെന്നും മോചിപ്പിക്കണമെങ്കില്‍ അറുപതു ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത്. പൊലീസില്‍ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തുടക്കത്തില്‍ തന്നെ വേലക്കാരിക്ക് സംഭവത്തില്‍ പങ്കുള്ളതായി പൊലീസിനു മനസ്സിലായി. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ വേലക്കാരിയായ അംബിക കുഞ്ഞിനേയും കൊണ്ട് ഒരു ടാറ്റ സുമോയില്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്താന്‍ മൂന്ന് സ്പെഷ്യല്‍ ടീം ഉണ്ടാക്കിയ പൊലീസ് എല്ലാ സ്റ്റേഷനുകളിലും നിര്‍ദ്ദേശം കൊടുത്ത് കാറുകളിലും മറ്റും പരിശോധന നടത്തി. ഈ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഒരുമാസം മുന്‍പാണ് അംബിക ഇവിടെ വേലക്കാരിയായി വന്നത്. ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

