ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്ക്.
കണ്ടാലറിയാവുന്ന നാലുയുവാക്കളും തീവ്രവലത് സംഘടനയിലെ ആളുകളുമാണ് അക്രമണത്തിന് പിന്നിലെന്ന് മദ്രസയിലെ അധ്യാപകന്‍ ആരോപിച്ചു. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടിലെത്തിയ സൈക്കിളും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനേ സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

ജയ് ശ്രീ റാം എന്ന് ഉച്ചരിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. അക്രമികളെ സമൂഹമാധ്യമങ്ങളുപയോഗിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മദ്രസ , ജുമാ മസ്ജിദ് അധികൃതര്‍ ആവശ്യപ്പെട്ടു.

