KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഇഷാന ഗോള്‍ഡ് കേസ് : ഒളിവില്‍പോയ ഗ്രേഡ് എസ്. ഐ. കരുണാകരന്‍ റിമാന്റില്‍

കൊയിലാണ്ടി : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കൊയിലാണ്ടി ഇഷാന ഗോള്‍ഡ് ഷോറൂമിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഒളിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച് സസ്‌പെന്‍ഷനിലായി ഒളിവില്‍പോയ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ. നാദാപുരം കുമ്മങ്കോട് സ്വദേശി കരുണാകരന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ കീഴടങ്ങി. ഇയാളെ കൊയിലാണ്ടി സബ്ബ്ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതീവ രഹസ്യമായിട്ടാണ് ഡിസംബര്‍ 6ന് കൊയിലാണ്ടി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാത്രി 9 മണിക്ക് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സൈബര്‍സെല്ലും പോലീസും സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തത് വലിയ അന്തര്‍ നാടകത്തിന്റെ ഭാഗമായിട്ടായിരുന്നുഎന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. പോലീസിലെ ചില ഉന്നതരും കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളും ജ്വല്ലറി ഉടമകളും കേസ് തേച്ച് മാച്ച്കളയാന്‍ നടത്തിയ ശ്രമമാണ് പ്രതിയെ കണ്ടെത്താന്‍ കഴിയാഞ്ഞത്. റിമാന്റില്‍ കഴിയുന്ന പ്രതിക്ക് വി. ഐ. പി. പരിഗണനയാണ് ജയിലധികൃതര്‍ നല്‍കുന്നത്. ഇതിനെതിരെ മറ്റ് പ്രതികള്‍ പ്രധിഷേധിക്കുകയുണ്ടായി. ഇയാള്‍ക്ക് ഇഷ്ടാനുസരണമുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ജയിലില്‍ ലഭിക്കുന്നുണ്ട്. സംഭവം പുറത്തറിയാതിരിക്കാന്‍ സഹതടവുകാരോട് സീരിയല്‍ നടന്‍ എന്ന പരിവേഷമാണ് ജയില്‍ അധികൃതര്‍ ഇയാള്‍ക്ക് നല്‍കിയത്.