കൊയിലാണ്ടി ഗവർമെന്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 3 കോടി
കൊയിലാണ്ടി : ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്നും 3 കോടി രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ. 2018-19 വർഷത്തെ ബജറ്റിലാണ് 1000 കുട്ടികളിൽ കൂടുതൽ ഉള്ള സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 3 കോടി രൂപ അനുവദിച്ചത്. ആദ്യഘട്ടത്തിൽ ഇറങ്ങിയ ഭരണാനുമതി ഉത്തരവിൽ ഗവ. മാപ്പിള വി. എച്ച്. എസ്.എസ് ന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. കെ.ദാസൻ എം. എൽ. എ കത്തു നൽകി ഇക്കാര്യം പൊതു വിദ്യാഭാസ സംരക്ഷണ യഞ്ജം വിഭാഗത്തിന്റെയും മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഇപ്പോൾ ഇതടക്കം കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലെ ഗവ. ഗേൾസ് എച്ച്.എസ്.എസ്, പയ്യോളി എച്ച്.എസ്.എസ് എന്നീ മൂന്ന് സ്കൂളുകൾക്ക് 3 കോടി രൂപ വീതം കെട്ടിടനിർമ്മാണത്തിന് അനുമതിയായിരിക്കുകയാണ്.
ഇതിൽ പയ്യോളി സ്കൂളിന്റെയും കൊയിലാണ്ടി ഗേൾസ് സ്കൂളിന്റെയും കെട്ടിട നിർമ്മാണത്തിന്റെ റീ ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാത്രമാണ് അവസാന ടെണ്ടറിലും വന്നത്. സ്കൂളുകളിലെ നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതോടെ ആദ്യ രണ്ട് പ്രവൃത്തികളും വേഗത്തിൽ ആരംഭിക്കാമെന്നാണ് കരുതുന്നത്.



