KOYILANDY DIARY.COM

The Perfect News Portal

മുതിര്‍ന്ന പൗരന്മാര്‍ കഴിഞ്ഞാല്‍ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്കാണ്: കളക്ടര്‍ എസ്. സാംബശിവറാവു

കോഴിക്കോട്: ബസ്‌സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരിയില്‍ കാത്തുനിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. തെളിവുസഹിതം പരാതി ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. കണ്ടക്ടറാണ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കില്‍ അദ്ദേഹത്തിന്റെയും ലൈസന്‍സാണ് റദ്ദാക്കുക. ഒരു ബസ്സുടമയുടെ കാര്യത്തില്‍ മൂന്നുതവണ പരാതി കിട്ടിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.

വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് കളക്ടര്‍ എസ്. സാംബശിവറാവു കര്‍ക്കശനിലപാടെടുത്തത്. മുഴുവന്‍ തുകയ്ക്ക് ടിക്കറ്റെടുക്കുന്ന യാത്രക്കാരെ കയറ്റിയശേഷം മാത്രം വിദ്യാര്‍ഥികളെ കയറ്റുന്നത് അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ കഴിഞ്ഞാല്‍ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്കാണ്. യാത്രാ ആനുകൂല്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു ഉപദ്രവവുമുണ്ടാകരുത്.

എല്ലാ ആര്‍.ടി.ഒ. ഓഫീസുകളിലും പാസ് കൗണ്ടറുകള്‍ വേണം. അവ ബുധന്‍, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണം. ഇക്കൊല്ലത്തെ പാസുകള്‍ ലഭിക്കുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പാസുകള്‍ ഉപയോഗിക്കാം. പാസുകള്‍ നല്‍കുന്നതിന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ എല്ലാ ദിവസവും കൗണ്ടര്‍ പ്രവര്‍ത്തിക്കണം. വടകര ഭാഗത്തുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്ര ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് പാസ് നല്‍കണം. സ്വകാര്യബസുകാരും കെ.എസ്.ആര്‍.ടി.സി.യും സ്വന്തം നിയമം നടപ്പാക്കരുത്. വിദ്യാര്‍ഥികള്‍ ബസില്‍ കയറിയ ശേഷം മാത്രമെ പാസുകള്‍ പരിശോധിക്കാന്‍ പാടുള്ളൂ.

Advertisements

ബസുകളില്‍ ഇന്‍സ്പെക്‌ഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഓരോ ബസിലെയും രജിസ്റ്റര്‍ മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധിക്കണം. കളക്ടറുടെ പരിശോധനയും ഉണ്ടാകും. പരിശോധനയില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകും. വ്യാജ പാസുകള്‍ കണ്ടുപിടിച്ച്‌ റിപ്പോര്‍ട്ട് ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഒരു വാദവും കളക്ടര്‍ അംഗീകരിച്ചില്ല. സീറ്റുള്ള ബസ്സില്‍പോലും വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ അവകാശമില്ലെന്ന സ്ഥിതിയാണെന്ന് എ.ഐ.ഡി.എസ്.ഒ. പ്രതിനിധി കെ. റഹീം ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയൊരു സ്ഥിതിയില്ലെന്നായിരുന്നു ബസ്സുടമാപ്രതിനിധികളുടെ വാദം.

സീറ്റില്‍ മുഴുവന്‍ വിദ്യാര്‍ഥികളെ ഇരുത്തിയാല്‍ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാനാവില്ലെന്നും അവര്‍ നിലപാടെടുത്തു. കുട്ടികളെ ബസില്‍ കയറ്റണമെന്നതാണ് നിയമം, അതു പാലിച്ചേ മതിയാവൂ എന്നായി കളക്ടര്‍. ”പെരുമാറ്റമാണ് മാറേണ്ടത്. ഞാനും യാത്രാസൗജന്യം ഉപയോഗിച്ച്‌ പഠിച്ച വിദ്യാര്‍ഥിയാണ്. അപ്പോഴൊന്നും ഒരു വിവേചനവും നേരിട്ടിട്ടില്ല. ഇവിടെയല്ലാതെ കുട്ടികളോട് ഈ മട്ടില്‍ പെരുമാറുന്നതിനെക്കുറിച്ച്‌ കേട്ടിട്ടുമില്ല” -കളക്ടര്‍ പറഞ്ഞു.

ബസ്സുകള്‍ക്കേ അധിക വേഗമാണെന്നും ഇത്തരം ജീവനക്കാരെ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ബസ്സുടമാപ്രതിനിധികളോട് ചോദിച്ചു. സ്പീഡ് ഗവേണര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഇത്രവേഗത്തില്‍ പോകാന്‍ കഴിയുക? അത് നശിപ്പിച്ച്‌ അതിവേഗത്തിലോടിക്കുകയാണ്. അവയുടെ വരവു കാണുമ്ബോള്‍ത്തന്നെ പേടിയാകും -കളക്ടര്‍ നഗരത്തിലെ അനുഭവം വിവരിച്ചു.

സ്പീഡ് ഗവേണര്‍ വേഗം തകരാറായിപ്പോകുന്നതാണ് പ്രശ്നമെന്നായി ബസ്സുടമകള്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ തന്നോട് അതു പറയേണ്ടെന്നായി കളക്ടര്‍. ”നിയമം പാലിച്ച്‌ സുരക്ഷിതമായി പോകൂ. ജനങ്ങളുടെ ജീവനാണ് പരമപ്രധാനം. ബസുകള്‍ പൊതുവാഹനങ്ങളാണ്. ആ ധാരണയോടെ വേണം ജീവനക്കാര്‍ പെരുമാറാന്‍. 65 കി.മീ. വേഗപരിധിക്കപ്പുറം ബസുകള്‍ ഓടേണ്ടതില്ല. മത്സരഓട്ടം നിയന്ത്രിച്ചേ പറ്റൂ” -അദ്ദേഹം പറഞ്ഞു. ഒടുവില്‍ സ്പീഡ് ഗവേണര്‍ പ്രശ്നം കൂടുതല്‍ ചര്‍ച്ചയ്ക്കായി അടുത്ത യോഗത്തിലേക്കുമാറ്റി.

കെ.എസ്.ആര്‍.ടി.സി.ക്കും യോഗത്തില്‍ വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്നു. ടി.ടി., ഫാസ്റ്റ് സര്‍വീസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പാസ് നല്‍കേണ്ടെന്ന തീരുമാനം നിയമപ്രകാരമാണോ എന്ന് കളക്ടര്‍ ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. ജില്ലാ അധികാരിയോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ യോഗത്തിനെത്തിയിരുന്നില്ല. ഒരു ഇന്‍സ്പെക്ടറാണ് പങ്കെടുത്തത്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോട് തന്നെ വന്നുകാണാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

സബ്കളക്ടര്‍ വി. വിഘ്നേശ്വരി, ആര്‍.ടി.ഒ.മാരായ എ.കെ. ശശികുമാര്‍, വി.വി. മധുസൂദനന്‍, ട്രാഫിക് അസി. കമിഷണര്‍ പി.കെ. രാജു, ബസുടമകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, വിവിധ വിദ്യാഭ്യാസസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *