KOYILANDY DIARY.COM

The Perfect News Portal

ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണയ്‌ക്കൊടുവില്‍ സംഘര്‍ഷം

നടുവണ്ണൂര്‍: കരുവണ്ണൂരിലെ കൊയിലാണ്ടി താലൂക്ക് സപ്ലൈകോ പി.ഡി.എസ്. ഡിപ്പോയുടെ കവാടത്തില്‍ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണയുടെ അവസാനം സംഘര്‍ഷം. അസോസിയേഷന്‍ ഭാരവാഹികളും ഡിപ്പോയിലെ ചുമട്ടുതൊഴിലാളികളും റേഷന്‍ വ്യാപാരിയുമുള്‍പ്പെടെ ഒമ്ബതുപേര്‍ക്ക് പരിക്കേറ്റു.

അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രന്‍, താലൂക്ക് വൈസ് പ്രസിഡന്റ് പി.വി. സുധന്‍, ചേനോളിയിലെ 129-ാം നമ്ബര്‍ റേഷന്‍ വ്യാപാരി കെ.പി. ആഷി എന്നിവര്‍ക്കും സി.ഐ.ടി.യു. തൊഴിലാളിയും ഡിപ്പോ പൂള്‍ ലീഡറുമായ കെ.സി. ഗിരീഷ്, സി.കെ. വിനീഷ് (ഐ.എന്‍.ടി.യു.സി.), സി.കെ. ബിജീഷ് (എ.ഐ.ടി.യു.സി.), എന്‍.എം.പ്രമോദ്, പി. രാഗേഷ് (ബി.എം.എസ്.), മുഹമ്മദ് (എസ്.ടി.യു.) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ പേരാമ്ബ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ധര്‍ണ 12 മണിക്കാണ് അവസാനിച്ചത്. തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഡിപ്പോയിലെ റേഷന്‍സാധനങ്ങളുടെ വിതരണം നിയന്ത്രിക്കുന്ന ചുമതലയുള്ള ആളെ കാണാന്‍ ഗെയ്റ്റ് തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ചില തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി. മുന്‍കൂട്ടി വിവരമറിയിച്ച്‌ നടത്തിയ ധര്‍ണയായതിനാല്‍ പേരാമ്ബ്ര എസ്.ഐ. ടി.വി. ഹമീദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.

Advertisements

അസോസിയേഷന്‍ ഭാരവാഹികളും റേഷന്‍വ്യാപാരികളും സെക്യൂരിറ്റി ഗാര്‍ഡ് അടച്ച ഗെയ്റ്റ് ബലം പ്രയോഗിച്ച്‌ തള്ളിത്തുറന്ന് ആക്രമിക്കുകയാണുണ്ടായതെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. ധര്‍ണ സമാധാനപരമായവസാനിപ്പിച്ച്‌ നിവേദനം നല്‍കാന്‍ അഞ്ച് പ്രതിനിധികള്‍ അകത്ത് കടന്നപ്പോള്‍ ആക്രമിക്കുകയാണുണ്ടായതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

എന്‍.എഫ്.എസ്.എ. പ്രകാരം വിതരണത്തിന് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ ചില പൊതു വിതരണകേന്ദ്രങ്ങളില്‍ തൂക്കി തിട്ടപ്പെടുത്തി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. കഴിഞ്ഞദിവസം കോട്ടൂരിലെ പൊതുവിതരണകേന്ദ്രത്തില്‍ ധാന്യങ്ങള്‍ തൂക്കി നല്‍കാത്തത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. കരുവണ്ണൂരില്‍നിന്ന് പ്രകടനമായാണ് വ്യാപാരികളെത്തിയത്. സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പുതുക്കോട്ട് രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പവിത്രന്‍, പി.വി. സുധന്‍, കെ.കെ. പരീത്, കെ. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *