നിയന്ത്രണം വിട്ട കാര്‍ ടെലഫോണ്‍ പോസ്റ്റിലിടിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ടെലഫോണ്‍ പോസ്റ്റിലിടിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ണന്തല തറട്ടയില്‍ വീട്ടില്‍ ശരത്തിന്റേയും വൈഷ്ണവിയുടേയും മകന്‍ നന്ദികേശാണ് മരിച്ചത്. അപകടത്തില്‍ വൈഷ്‌ണവിക്കും അമ്മയ്ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി 8ഓടെ നാലാഞ്ചിറ സ്‌റ്റെപ്പ് ജംഗ്ഷനില്‍ ആയിരുന്നു അപകടം. വട്ടപ്പാറയിലെ ഒരു ജുവലറിയില്‍ പോയ ശേഷം ശരത്തും കുടുംബവും ഭക്ഷണം വാങ്ങുന്നതിനായി നാലാഞ്ചിറയിലേക്ക് വരുമ്ബോഴാണ് സംഭവം.
ഭക്ഷണം വാങ്ങിയ ശേഷം മണ്ണന്തല കേരളാദിത്യപുരത്തെ വൈഷ്‌ണവിയുടെ വീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. സ്റ്റെപ്പ് ജംഗ്ഷനിലെത്തിയപ്പോള്‍ വാഹനത്തിന് നിയന്ത്രണം നഷ്ടമായി. പരിഭ്രാന്തനായ ശരത്ത് ബ്രേക്കെന്ന് കരുതി ആക്സിലറേറ്ററിലാണ് ചവിട്ടിയത്. പെട്ടെന്ന് വേഗത കൂടി വാഹനം ഇടതുവശത്തെ ടെലഫോണ്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറകിലെ സീറ്റില്‍ വൈഷ്ണവിയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിന്റെ തല ഡോറില്‍ ശക്തിയായി ഇടിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തില്‍ രണ്ട് കാല്‍മുട്ടുകള്‍ക്കും പരിക്കേറ്റ വൈഷ്‌ണവിയുടെ അമ്മ ലതികയ്ക്ക് അടിയന്തരശസ്ത്രക്രിയ നടത്തി. ആന്തരികാവയവങ്ങള്‍ക്കേറ്റ് ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടമാര്‍ പറഞ്ഞു. കഴക്കൂട്ടം ആറ്റിന്‍കുഴിയിലെ ടൊയോട്ട കമ്ബനിയില്‍ ജോലി ചെയ്യുന്ന ശരത്ത് ഒന്നര വര്‍ഷം മുമ്ബാണ് വിവാഹിതനായത്. നന്ദികേശിന്റെ സംസ്കാരം വൈഷ്‌ണവിയുടെ വീട്ടില്‍ ഇന്നലെ നടന്നു.

