KOYILANDY DIARY.COM

The Perfect News Portal

സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തി: കമ്മീഷന്‍

കൊച്ചി:   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകളടങ്ങിയ സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. 9 മണിക്ക് ബിജുവിനെ എത്തിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയത് 10.30 യ്ക്കാണ്. അവിടെ ആദ്യം പരാജയപ്പെട്ടുവെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.

നേരത്തെ എത്തിച്ചിരുന്നെങ്കില്‍ തെളിവ് ലഭിക്കുമായിരുന്നുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സത്യം കണ്ടുപിടിക്കാനുള്ള ശ്രമം പാളിയെന്നും  കമ്മീഷന്‍ പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസം  കമ്മീഷനു മുമ്പില്‍ മൊഴി രേഖപ്പെടുത്താനെത്തിയ ബിജു തെളിവുകള്‍ അടങ്ങിയ സിഡി കൊണ്ടുവരാത്തതിനെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പത്ത് മണിക്കൂറിനുള്ളില്‍ സിഡി എത്തിക്കാമെന്ന് ബിജു പറഞ്ഞതനുസരിച്ച് കമ്മീഷന്‍ അംഗങ്ങളും പൊലീസും കേയമ്പത്തൂരേക്ക് തിരിച്ചു. അന്വേഷണസംഘത്തിന്റെ വാഹനത്തിനു പിന്നാലെ  മാധ്യമങ്ങളും കോയമ്പത്തൂരിലേക്ക് പോയി. എന്നാല്‍ ബിജുവിന്റെ ബന്ധു ചന്ദ്രന്‍റെ പക്കല്‍ നിന്നും സിഡി കണ്ടെത്താതെ അന്വേഷണ സംഘം മടങ്ങുകയായിരുന്നു. മൂന്ന് കമ്മീഷന്‍ അംഗങ്ങളും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും ഈ കാര്യത്തില്‍ താന്‍ കളളം പറഞ്ഞിട്ടില്ലെന്നും സോളാര്‍ കമ്മീഷനോട് ബിജു രാധാകൃഷ്ണന്‍  പുറപ്പെടും മുമ്പ്  പറഞ്ഞു. ആരെയും കബളിപ്പിക്കുക തന്റെ ഉദ്യേശ്യമല്ലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

Share news