നിപ്പാ ഭീതി ഒഴിയുന്നു; ചികിത്സയില്‍ കഴിയുന്ന 3 പേര്‍ക്കും നിപ്പയില്ല

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ആശങ്കയൊഴിയുന്നു. നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി നിപ്പയില്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണ് മൂന്ന് പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചത്. കളമശ്ശേരി, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇതോടെ നിപ്പാ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ആര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
നിരീക്ഷണത്തില്‍ കഴിയുന്ന 329 പേര്‍ക്കും നിപ്പാ ലക്ഷണങ്ങളില്ല. അതേസമയം നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ജൂലൈ പകുതി വരെയെങ്കിലും നിപ്പാ ജാഗ്രത തുടരും.

കളമശ്ശേരിയില്‍ നിപ്പാ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്റെ പനി കുറഞ്ഞു. പരസഹായമില്ലാതെ നടക്കാനും ആരംഭിച്ചിട്ടുണ്ട്. എങ്കിലും പൂര്‍ണമായി നിപ്പാ വൈറസിന്റെ സന്നിധ്യം വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രമാകും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുക.

നിലവില്‍ നിപ്പാ ലക്ഷണങ്ങളുമായി ആരും സംസ്ഥാനത്ത് ചികിത്സ തേടിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുവാന് മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

