ഇന്ന് സിഐടിയുവിന്റെ 50-ാം പിറന്നാള്‍

ചൂഷണവിമുക്തമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാന്‍ വര്‍ഗഐക്യവും വര്‍ഗസമരവും ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 1970ല്‍ സിഐടിയു രൂപംകൊണ്ടത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സമ്മേളനത്തില്‍, 1970 മെയ് 30 നാണ് സിഐടിയു രൂപീകരണപ്രഖ്യാപനം നടത്തിയത്. 2020 സിഐടിയു രൂപീകരണത്തിന്റെ 50-ാം വാര്‍ഷികമാണ്.
സമൂഹത്തെ എല്ലാവിധത്തിലുള്ള ചൂഷണത്തില്‍നിന്നും വിമുക്തമാക്കുക

സിഐടിയു ഭരണഘടന ഇപ്രകാരം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ”എല്ലാ ഉല്‍പ്പാദന ഉപാധികളും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവന്ന്, ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ മാത്രമേ അധ്വാനിക്കുന്ന വര്‍ഗത്തിന്മേലുള്ള ചൂഷണം അവസാനിപ്പിക്കാനാകൂ.’ സമൂഹത്തെ എല്ലാവിധത്തിലുള്ള ചൂഷണത്തില്‍നിന്നും വിമുക്തമാക്കുക എന്നതാണ് സിഐടിയുവിന്റെ ലക്ഷ്യം. വിട്ടുവീഴ്ചയില്ലാത്ത വര്‍ഗസമരത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. കഴിഞ്ഞ 50 വര്‍ഷത്തെ അനുഭവം സിഐടിയു നിലപാടിനെ പൂര്‍ണമായും ശരിവയ്ക്കുന്നതാണ്.

ഭരണവര്‍ഗം തങ്ങള്‍ക്കുനേരെ അഴിച്ചുവിട്ട കടുത്ത കടന്നാക്രമണങ്ങളുടെ ഫലമായി തൊഴിലാളികളുടെ ജീവിത സാഹചര്യം ദുഷ്കരമായ സാഹചര്യത്തിലാണ് സിഐടിയു രൂപംകൊള്ളുന്നത്. അന്നത്തേക്കാള്‍ ദുഷ്കരമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. വ്യവസായത്തകര്‍ച്ച, വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയവയാണ് ഇന്നത്തെ യാഥാര്‍ഥ്യം. വ്യാപകമായ കരാര്‍വല്‍ക്കരണം, കൂട്ടായ വിലപേശലിനുള്ള അവസരം നിഷേധിക്കല്‍, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ തകര്‍ക്കല്‍ തുടങ്ങിയവ തൊഴിലെടുക്കുന്നവരെ ദുരിതത്തിലേക്കാണ് നയിച്ചത്. ഈ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രക്ഷോഭസമരങ്ങളാണ് രാജ്യവ്യാപകമായി നടന്നത്. എല്ലാമേഖലയിലുമുള്ള തൊഴിലാളികള്‍ ഈ സമരങ്ങളില്‍ ആവേശപൂര്‍വം അണിനിരന്നു.

രാജ്യത്താകെയുള്ള തൊഴിലാളികളെ ചൂഷകവര്‍ഗത്തിനും അവരുടെ നയങ്ങള്‍ക്കുമെതിരെ യോജിപ്പിച്ചണിനിരത്തുക എന്നതാണ് നമ്മുടെ കടമ. തൊഴിലാളിവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നതോടൊപ്പം നയങ്ങള്‍ക്ക് നിദാനമായ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ രാജ്യത്തെ പ്രാപ്തമാക്കണം. അധ്വാനിക്കുന്ന വര്‍ഗങ്ങളെ ഐക്യപ്പെടുത്തി രാജ്യവ്യാപകമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്.
1970 ല്‍ രൂപംകൊണ്ട കാലംമുതല്‍ ഇന്ത്യയിലെ ട്രേഡ് യൂണിയനുകളുടെ ഐക്യം എന്ന ആശയത്തിലൂന്നിയായിരിക്കണം തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടമെന്ന് സിഐടിയു വ്യക്തമാക്കി. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എഐടിയുസി വിട്ട് സിഐടിയു രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിച്ചവരാണ് സിഐടിയു എന്ന അധിക്ഷേപത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ സിഐടിയുവിന് സാധിച്ചു. സിഐടിയു രൂപീകരണത്തിനുശേഷമാണ് ഇന്ത്യയിലെ വിവിധ ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് ദേശീയ പ്രക്ഷോഭങ്ങളിലേക്ക് നയിക്കാന്‍ സാധിച്ചത്. ‘ഐക്യം-സമരം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിഐടിയു പ്രവര്‍ത്തിച്ചത്.
സിഐടിയു രൂപീകരണശേഷം കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിയുടെ മുന്‍കൈയോടെ ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ് എന്നീ ദേശീയ ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് നാഷണല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്(എന്‍സിടിയു) എന്ന ഏകോപനസമിതി രൂപംകൊണ്ടു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു ഈ ഏകോപനസമിതി രൂപീകരിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ സിഐടിയു മുന്‍കൈയെടുത്ത് മറ്റ് ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് യുണൈറ്റഡ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (യുസിടിയു) എന്ന ഏകോപനസമിതിക്ക് രൂപം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം നടത്തുക എന്നതായിരുന്നു യുസിടിയുവിന്റെ ലക്ഷ്യം. തൊഴിലാളികള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ യുസിടിയു നേതൃത്വത്തില്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരം സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ ഭിന്നിപ്പിക്കല്‍ തന്ത്രത്തെ ദുര്‍ബലമാക്കി.
സിഐടിയു രൂപീകരണത്തിനുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സമരമായിരുന്നു 1974 ലെ റെയില്‍വേ തൊഴിലാളിസമരം. 21 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ റെയില്‍വേ സമരം ഇന്ന് തൊഴിലാളികള്‍ക്ക് ആവേശം നല്‍കുന്നതാണ്. ഈ സമരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സിഐടിയു നിര്‍ണായക പങ്കുവഹിച്ചു. ഐഎന്‍ടിയുസി ഒഴികെയുള്ള ദേശീയ ട്രേഡ് യൂണിയനുകള്‍ ഈ സമരത്തില്‍ അണിചേര്‍ന്നു.
1978ല്‍ ജനതാ പാര്‍ടി സര്‍ക്കാര്‍ കൊണ്ടുവന്ന ‘വ്യവസായ ബന്ധ’ ബില്ലിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ദേശീയതലത്തില്‍ നടന്ന രണ്ടാമത്തെ പ്രധാന സമരം. ഈ സമരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും സിഐടിയു പ്രമുഖ പങ്കുവഹിച്ചു. വിവാദ ബില്‍ പാസാക്കാതെ മാറ്റിവയ്ക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനുശേഷമാണ് ഐഎന്‍ടിയുസി ഒഴികെയുള്ള ദേശീയ ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് ‘നാഷണല്‍ കാമ്ബയിന്‍ കമ്മിറ്റി ഓഫ് ട്രേഡ് യൂണിയന്‍സ്’ എന്ന ഐക്യവേദി രൂപംകൊണ്ടത്.
മൂന്നാമതായി രാജ്യത്ത് നടന്ന ശ്രദ്ധേയമായ ദേശീയ സമരം 1982 ജനുവരി 19 നാണ്. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍കൂടി ഉയര്‍ത്തി ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് വന്‍ വിജയമായി മാറി. ഈ സമരത്തിനുനേരെ വലിയ തോതിലുള്ള അടിച്ചമര്‍ത്തലുണ്ടായി. പൊലീസ് വെടിവയ്പ്പില്‍ കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെ 10 തൊഴിലാളികള്‍ രക്തസാക്ഷികളായി.
ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളുടെ പാരമ്ബര്യം
1991ല്‍ ആരംഭിച്ച ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി പൊതുമേഖല തകര്‍ക്കാനുള്ള നീക്കം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ചു. അതിനെതിരെ പൊതുമേഖലാ തൊഴിലാളികളുടെ ഐക്യവേദി – സിപിഎസ്ടിയു- രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് സിഐടിയു ആണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളെ കൂട്ടിച്ചേര്‍ത്ത് യോജിച്ച സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ‘സ്പോണ്‍സറിങ് കമ്മിറ്റി ഓഫ് ട്രേഡ് യൂണിയന്‍സ്’ എന്ന ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു-ദേശീയ പണിമുടക്കുകള്‍ സംഘടിപ്പിച്ചു.
2009ല്‍ ഐഎന്‍ടിയുസി, ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ എല്ലാം ചേര്‍ന്ന് രൂപീകരിച്ച ഐക്യവേദിയുടെ നേതൃത്വത്തില്‍ മൂന്ന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുകയുണ്ടായി. 2013ല്‍ 48 മണിക്കൂര്‍ പണിമുടക്കാണ് നടത്തിയത്. 18 ദേശീയ പണിമുടക്കാണ് സംഘടിപ്പിക്കപ്പെട്ടത്. 2019 ജനുവരി 8, 9 തീയതികളില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ 20 കോടിയോളം തൊഴിലാളികളാണ് പങ്കെടുത്തത്.
കല്‍ക്കരി, എണ്ണ, സ്റ്റീല്‍, തോട്ടം, മോട്ടോര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി സമരങ്ങള്‍ സിഐടിയു നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.യോജിച്ച സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പരിശ്രമിക്കുമ്ബോള്‍തന്നെ ചില സുപ്രധാന പ്രശ്നങ്ങളില്‍ ഒറ്റയ്ക്ക് സമരം ഉയര്‍ത്താന്‍ സിഐടിയു മടികാണിച്ചിട്ടില്ല. പിഎഫ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്ബോള്‍ അതിലെ അപാകത സംബന്ധിച്ച കാര്യങ്ങള്‍ സിഐടിയു ഒറ്റയ്ക്കാണ് ഉന്നയിച്ചത്.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം ഉയര്‍ത്തുമ്ബോള്‍തന്നെ അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെ – കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയും സിഐടിയു പ്രക്ഷോഭം ഉയര്‍ത്തി. 2018 സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തൊഴിലാളി-കര്‍ഷക പാര്‍ലമെന്റ് മാര്‍ച്ച് അത്തരമൊരു പ്രക്ഷോഭമായിരുന്നു.
തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുന്നതിന് സിഐടിയു പ്രത്യേക ശ്രദ്ധ ചെലുത്തി. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നം ഉയര്‍ത്തി നിരവധി പ്രക്ഷോഭങ്ങളും ഈ കാലയളവില്‍ ഉയര്‍ത്തുകയുണ്ടായി. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും സിഐടിയു ആണ് മുഖ്യ പങ്കുവഹിച്ചത്. സിഐടിയുവിന്റെ അംഗസംഖ്യയില്‍ 70 ശതമാനവും അസംഘടിത മേഖലാ തൊഴിലാളികളാണ്.
1920ല്‍ ഇന്ത്യയില്‍ ആദ്യത്തെ ദേശീയ ട്രേഡ് യൂണിയന്‍ രൂപം കൊണ്ടതിനുശേഷം ദേശീയ സ്വാതന്ത്ര്യത്തിനുള്ള സമരത്തിലും സ്വതന്ത്ര ഭാരതത്തിലെ ഭരണവര്‍ഗങ്ങള്‍ക്കെതിരായും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളുടെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിച്ചാണ് സിഐടിയു പ്രവര്‍ത്തിച്ചത്. 50 വര്‍ഷത്തെ ജ്വലിക്കുന്ന സമരങ്ങള്‍ നല്‍കുന്ന ആവേശം കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ സിഐടിയുവിനെ പ്രാപ്തമാക്കും. കൂടുതല്‍ കരുത്തുറ്റ ട്രേഡ് യൂണിയനായി വളരുക എന്ന ലക്ഷ്യത്തിലേക്ക് സിഐടിയു മുന്നേറും.
