ശിങ്കൻ നായർക്ക് കൊല്ലം ലൈവ് വാട്സപ്പ് കൂട്ടായ്മ പുതിയ സൈക്കിൾ കൈമാറി

കൊയിലാണ്ടി: സൈക്കിൾ സവാരിയിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശിങ്കൻ നായരെ കൊല്ലം ലൈവ് വാട്സപ്പ് കൂട്ടായ്മ ആദരിച്ചു . കൊല്ലം കീഴയിൽ വിശ്വനാഥൻ നായർ ശിങ്കൻ നായർക്ക് പുതിയ സൈക്കിൾ കൈമാറി. വർഷങ്ങൾ പഴക്കമുള്ള ശിങ്കൻ നായരുടെ സൈക്കിൾ ഇനി ഓർമ്മയാവും. സൈക്കിൾ സവാരിയിൽ 50 വർഷം പിന്നിടുകയാണ് ശിങ്കൻ നായർ. ചെറുപ്പകാലത്ത് സൈക്കിളിൽ കപ്പ വിൽപ്പനയായിരുന്നു. പിന്നീട് മരംവെട്ട് ജോലിയിൽ മുഴുകി. പ്രായം കൂടിയതോടെ കൊല്ലം അങ്ങാടിയിലെ പലചരക്ക് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് അത് വീട്ടിലെത്തിക്കുന്ന പണിയാണ്. വീട്ടുകാർ നൽകുന്ന തുക സന്തോഷത്തോടെ സ്വീകരിക്കും.
ചടങ്ങിൽ അഡ്മിൻ അൻസാർ കൊല്ലം അദ്ധ്യക്ഷനായി. ഇബ്രാഹിം ടി.കെ, ഷൗക്കത്ത് ദയ, അബ്ദുൽ കരിം നിസാമി, ബാവ കുന്നുമ്മൽ, ഷെഫീക്ക് ഹിലാൽ എന്നിവർ സംബന്ധിച്ചു . സാഹിത്യരചന മൽസരങ്ങൾ, വിദ്യഭ്യാസ പ്രോൽസാഹന പ്രവർത്തനങ്ങൾ, ചികിൽസ സഹായങ്ങൾ തുടങ്ങി ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങൾ കൊല്ലം ലൈവ് കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.

