തോല്‍വി കനത്തതല്ല: കോണ്‍ഗ്രസ‌്; സംസ്ഥാനഘടകങ്ങളില്‍ രോഷവും അമര്‍ഷവും

ഡല്‍ഹി: കേരളം ഒഴികെ ഒരു സംസ്ഥാനത്തും എംപിമാരുടെ എണ്ണം രണ്ടക്കം തികയ‌്ക്കാന്‍ കഴിയാതിരുന്നിട്ടും തകര്‍ച്ച അംഗീകരിക്കാതെ കോണ്‍ഗ്രസ‌് നേതൃത്വം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദാരുണമല്ലെന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നേയുള്ളൂവെന്നുമാണ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം മുതിര്‍ന്ന നേതാവ‌് എ കെ ആന്റണി പ്രതികരിച്ചത്. കോണ്‍ഗ്രസ‌് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍നിന്ന‌് വിട്ടുനിന്നു. രാഹുല്‍ അധ്യക്ഷസ്ഥാനം രാജിവയ‌്ക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും പ്രവര്‍ത്തകസമിതി അംഗീകരിച്ചില്ല.
രാഹുലിനും അദ്ദേഹത്തിന്റെ വിശ്വസ‌്തരായ എഐസിസി ഭാരവാഹികള്‍ക്കും നേരെ ദേശീയതലത്തിലും സംസ്ഥാനഘടകങ്ങളിലും അമര്‍ഷം പുകയുകയാണ്. കേരളത്തില്‍നിന്നുള്ള ചില നേതാക്കളാണ‌് അധ്യക്ഷനു ചുറ്റുമുള്ളത‌്. രാഷ്ട്രീയ ഗതിവിഗതികള്‍ മനസ്സിലാക്കി തന്ത്രം ആവിഷ‌്കരിക്കാന്‍ നേതൃത്വത്തിനായില്ലെന്നാണ് വിമര്‍ശം. തമിഴ‌്നാട‌് മാതൃകയിലുള്ള മുന്നണി ദേശീയതലത്തില്‍ രൂപീകരിച്ച‌് മത്സരിച്ചിരുന്നെങ്കില്‍ ഫലം വ്യത്യസ‌്തമായേനെ. കേരളത്തിലെ കാര്യങ്ങള്‍മാത്രം പരിഗണിച്ചുള്ള നീക്കങ്ങളാണ‌് തെരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലുണ്ടായത‌്. ഉമ്മന്‍ചാണ്ടിക്ക് ചുമതലയുള്ള ആന്ധ്രപ്രദേശിലും കെ സി വേണുഗോപാലിനു ചുമതലയുള്ള കര്‍ണാടകത്തിലും കോണ്‍ഗ്രസ‌് തകര്‍ന്നടിഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത‌് ദേശീയതലത്തില്‍ തിരിച്ചടിയായെന്നാണ‌് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ‌്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കുള്ളത‌്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ‌് ചവാനെപ്പോലുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ‌് ഘട്ടത്തില്‍ത്തന്നെ ഇക്കാര്യം തുറന്നടിച്ചിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ‌് പവാറും രാഹുലിന്റെ വയനാടന്‍ മത്സരത്തില്‍ അതൃപ‌്തി പ്രകടിപ്പിച്ചു. സുരക്ഷിതമണ്ഡലം തേടിപ്പോയ രാഹുല്‍ അമേഠിയില്‍ പരാജയപ്പെടുകയും ചെയ‌്തു. യുപിയില്‍ സോണിയ മത്സരിച്ച റായ‌്ബറേലിയില്‍മാത്രമാണ‌് കോണ്‍ഗ്രസ‌് ജയിച്ചത‌്.

പതിമൂന്ന‌് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന‌് ഒറ്റ എംപിപോലുമില്ല. എട്ട‌് സംസ്ഥാനങ്ങളില്‍ ഒരാള്‍വീതമാണുള്ളത‌്. മഹാരാഷ്ട്ര, ഛത്തീസ‌്ഗഢ‌്, മധ്യപ്രദേശ‌് എന്നിവിടങ്ങളില്‍ രണ്ടുവീതം എംപിമാരുള്ള പാര്‍ടിയായി. കേരളം, തമിഴ‌്നാട‌്, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രകടനമാണ‌് 52 എംപിമാരില്‍ എത്തിച്ചത‌്. മുന്‍ മുഖ്യമന്ത്രിമാരായ അശോക‌് ചവാന്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ (മഹാരാഷ്ട്ര), വീരപ്പ മൊയ‌്‌ലി (കര്‍ണാടകം), ഷീല ദീക്ഷിത‌് (ഡല്‍ഹി), ഭൂപീന്ദര്‍സിങ‌് ഹൂഡ (ഹരിയാന), ഹരീഷ‌് റാവത്ത‌് (ഉത്തരാഖണ്ഡ‌്), ദിഗ‌്‌വിജയ‌് സിങ‌് (മധ്യപ്രദേശ‌്), നബാം തുകി (അരുണാചല്‍പ്രദേശ‌്), മുകുള്‍ സാങ‌്മ (മേഘാലയ) എന്നിവര്‍ക്ക‌് ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ദേശീയതലത്തില്‍ ഏകോപിതമായ പ്രചാരണം സംഘടിപ്പിക്കുന്നതില്‍ നേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടെന്നാണ‌് വിവിധ സംസ്ഥാനഘടകങ്ങള്‍ കരുതുന്നത‌്. പിസിസി അധ്യക്ഷന്മാരുടെ രാജി ഇതിന്റെ പ്രതിഫലനമാണ‌്.പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തണമെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

താന്‍ ഒഴിയുന്നതാണ‌് കോണ്‍ഗ്രസിന‌് നല്ലതെന്നും അധ്യക്ഷസ്ഥാനത്ത‌് ‘ഗാന്ധികുടുംബത്തിനു’ പുറത്തുനിന്നുള്ള ആള്‍ വരണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, ഈ സാഹചര്യത്തില്‍ പാര്‍ടിയെ നയിക്കാന്‍ രാഹുലിനേക്കാള്‍ മെച്ചപ്പെട്ട ആരുമില്ലെന്ന‌് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ അധ്യക്ഷപദവിയില്‍ തുടരണമെന്ന‌് യോഗം ഏകകണ‌്ഠമായി തീരുമാനിച്ചു. പാര്‍ടിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ രാഹുലിനെ യോഗം ചുമതലപ്പെടുത്തി. രാഹുലിന്റെ നേതൃശേഷിയില്‍ പാര്‍ടിയില്‍ ആര്‍ക്കും സംശയമില്ലെന്ന‌് മുതിര്‍ന്ന നേതാവ‌് ഗുലാം നബി ആസാദ‌് യോഗത്തിനുശേഷം മാധ്യമങ്ങളോട‌് പറഞ്ഞു.
പരാജയത്തെക്കുറിച്ച‌് യോഗം വിശദമായി ചര്‍ച്ച ചെയ‌്തില്ലെന്ന‌് എ കെ ആന്റണി അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട‌് പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ‌് ധൈര്യം കൈവെടിയുന്നില്ലെന്ന‌് രണ്‍ദീപ‌്സിങ‌് സുര്‍ജെവാല പറഞ്ഞു. പാര്‍ടിയില്‍ അഴിച്ചുപണി നടത്തുമെന്ന‌് കെ സി വേണുഗോപാല്‍ പറഞ്ഞു.
