സ്പൂണുകള്‍, സ്ക്രൂ ഡ്രൈവറുകള്‍, ടൂത്ത് ബ്രഷ്, കത്തി, വാതിലിന്റെ പിടി; യുവാവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്ത സാധനങ്ങള്‍ കണ്ടാല്‍ ഞെട്ടും

സിംല: യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. എട്ട് സ്പൂണുകള്‍, രണ്ട് സ്ക്രൂ ഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷ്, ഒരു കത്തി, വാതിലിന്റെ പിടി എന്നിവയാണ് മുപ്പത്തിയഞ്ചുകാരനായ യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരിക്കുന്നത്. കര്ണ് സെന്‍ എന്ന ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇവയെല്ലാം പുറത്തെടുത്തിരിക്കുന്നത്.
വയറുവേദനയെത്തുടര്‍ന്ന് ലാല്‍ബഹദൂര്‍ ശാസ്ത്രി ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറ്റില്‍ ഒരു കത്തിയുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കാന്‍ തീരുമാനിച്ചു.

അപ്പോഴാണ് കത്തി മാത്രമല്ല സ്പൂണുകളും ടൂത്ത് ബ്രഷും, ഉള്‍പ്പെടെ യുവാവിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്തത്. തുടര്‍ന്ന് നാലുമണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് വയറ്റില്‍ നിന്നും കത്തിയും സ്പൂണുകളുമടക്കമുള്ള വസ്തുവകള്‍ പുറത്തെടുത്തത്. ഇദ്ദേഹത്തിന് മാനസികമായ പ്രശ്നങ്ങള്‍ ഉള്ളതായും സാധാരണ നിലയിലുള്ള ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

