KOYILANDY DIARY.COM

The Perfect News Portal

അറക്കല്‍ ബീവി ആദിരാജ ഫാത്തിമ മുത്തുബീവി അന്തരിച്ചു

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിന്റെ ഭരണാധികാരി ആദിരാജ ഫാത്തിമ മുത്തുബീവി അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ ‘ഇശലില്‍’ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് 3ന് എടക്കാട് ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ജനിച്ചത്.

അറക്കല്‍ രാജവംശത്തിന്റെ 38ാമത് ഭരണാധികാരിയായിരുന്നു. ആദിരാജ സൈനബ ആയിഷാബിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇളയസഹോദരിയായ മുത്തുബീവി സുല്‍ത്താനായി ചുമതലയേറ്റത്. കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.

കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.

Advertisements

2018ല്‍ ജൂണ് 26ന് സഹോദരിയും, 38ാമത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടര്‍ന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്.

അറക്കല്‍ രാജവംശത്തിന്റെ അധികാര സ്ഥാനം അലങ്കരിച്ചിരുന്ന പരേതരായ ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ സി പി കുഞ്ഞഹമ്മദ് എളയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയയാണ്.

ശനിയാഴ്ച തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌കാര ശേഷം മയ്യത്ത് നിസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യസ് അഹമദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *