KOYILANDY DIARY.COM

The Perfect News Portal

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു

ഭുവനേശ്വര്‍: അതിതീവ്രമായി ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്. ചുഴലിക്കാറ്റിന്‍റെ തീവ്രതയില്‍ ഒഡീഷയില്‍ ശക്തമായ കാറ്റും മഴയുമാണ്. മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയില്‍ പുരിയില്‍ കാറ്റ് വീശുന്നത്. 9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഭുവനേശ്വറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്റര്‍ ആയി ഉയര്‍ന്നു. ഫോനി പശ്ചിമബംഗാള്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 12 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 15 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.

Advertisements

വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ഒഡിഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കൊടുങ്കാറ്റിനെ നേരിടാന്‍ ബംഗ്ലാദേശ് സര്‍ക്കാറും നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡിഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *