ചിറ്റാരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

വിലങ്ങാട്: വാണിമേല്‍ ചിറ്റാരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാണിമേല്‍ സ്വദേശി കണ്ടിയന്‍ അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങ് അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്.
ഒരു വര്‍ഷത്തിനിടെ ഈ കൃഷിയിടത്തില്‍ പല തവണ കാട്ടാനയിറങ്ങി. കണ്ണവം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തെ കര്‍ഷകര്‍ ആനയടക്കമുള്ള വന്യമൃഗശല്യത്താല്‍ കൃഷി ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. അബ്ദുള്ള ഹാജിയുടെ കൃഷിയിടത്തിലെ അമ്പതോളം തെങ്ങുകളും ,കവുങ്ങ്, കശുമാവ്, കുരുമുളക് എന്നിവ നശിപ്പിക്കുകയുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ ആനയിറങ്ങയപ്പോള് ഇ.കെ. വിജയന് എംഎല്‍എ, ഡിഎഫ്ഒ, റേഞ്ചര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രത്തിലും ആനയിറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അബ്ദുള്ള ഹാജി പറഞ്ഞു. അടുത്തടുത്തായി മൂന്ന് തവണ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയതോടെ ആദിവാസികളടക്കമുള്ളവര്‍ ഭയത്തോടെയാണ് കഴിയുന്നത്.

