വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ചക്കിട്ടപാറ: ജലക്ഷാമത്തിനിടയിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണു മാസങ്ങളായി വെള്ളം പാഴാകുന്നത്. ലോറികളില്‍ ഗ്രാമപഞ്ചായത്ത് എത്തിച്ചു നല്കുന്ന വെള്ളമാണു ജനങ്ങള്‍ ഉപയോഗിക്കുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന ചക്കിട്ടപാറ മുക്കവല ഭാഗത്ത് റോഡില്‍ രണ്ടിടത്താണു പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്. ഇത് നന്നാക്കും തോറും പൊട്ടുകയാണ്. പൈപ്പുകളുടെ കാലപ്പഴക്കമാണു കാരണമായി പറയുന്നത്.
എന്നാല്‍ ഇതു മാറ്റി സ്ഥാപിക്കാന്‍ നടപടികളുണ്ടാകുന്നില്ല. പാലേരി ചങ്ങരോത്ത് എംയുപി സ്കൂള്‍ കൂടലോട്ട് പള്ളി റോഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് ഒരു മാസമാകാറായി. മണല്‍കുന്നുമ്മല്‍ താഴെ റോഡിന്റെ മധ്യത്തിലാണ് പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്ബ് ചെയ്ത ടാറിംഗ് വെള്ളം കുത്തിയൊലിക്കുന്നതു കാരണം തകര്‍ന്നിട്ടുമുണ്ട്.

റോഡില്‍ പാഴാകുന്നതു കാരണം കൂടലോട്ട് കോളനി വാസികള്ക്കുള്പ്പെടെ കുടിവെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല. പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ നിരവധി തവണ വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കാലപ്പഴക്കം ചെന്ന പൈപ്പായതു കൊണ്ട് പല ഭാഗത്തും ചോര്‍ച്ച സംഭവിച്ച് വലിയ അളവില്‍ വെള്ളം പാഴാകുന്നുമുണ്ട്. സംസ്ഥാന പാതയില്‍ കല്ലോട് പൈപ്പ് പൊട്ടിയിരുന്നു. വെള്ളമൊലിച്ച് ഇവിടെ റോഡും തകര്‍ന്നു.

