കൊരയങ്ങാട് തെരുവിൽ നടന്ന പണ്ടാട്ടി വരവ് ആഘോഷം വേറിട്ട അനുഭവമായി

കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേറ്റ് കൊണ്ട് കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ നടന്ന പണ്ടാട്ടി വരവ് ആഘോഷം വേറിട്ട അനുഭവമായി. പതിറ്റാണ്ടുകളായി പതിവ് തെറ്റാതെ പാലിച്ചു വരുന്ന വിഷുദിനക്കാഴ്ചക്ക് ദൃക്സാക്ഷികളാകാൻ ഇത്തവണ നിരവധി ഭക്ത കുടുംബങ്ങളാണ് കൊരയങ്ങാട് തെരുവിൽ എത്തിച്ചേർന്നത്. ഒന്നര പതിറ്റാണ്ട് കാലം തുടർച്ചയറ്റു പോയ അകമ്പടി ഗാനം ഇത്തവണ പണ്ടാട്ടി ആഘോഷത്തെ വേറിട്ടതാക്കി.
“നോക്കുക നോക്കുക ചങ്ങാതിമാർകളെ കൈലാസനാഥന്റെ പോക്ക് കണ്ടോ…… എന്ന ശിവസ്തുതി ഭക്തി സാന്ദ്രമായി. പുത്തൻപുരയിൽ ഗോപിയുടെ നേതൃത്വത്തിലായിരുന്നു ഗാനത്തിന്റെ പുനരുജ്ജീവനം. കുന്നക്കണ്ടി ബാലൻ, ടി.പി.രാഘവൻ, പി.കെ.ഗോപാലൻ എന്നിവരുടെ നേതൃത്യത്തിലാണ് പണ്ടാട്ടിയുടെ ചമയങ്ങളൊരുങ്ങിയത്.

കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രം കേന്ദ്രീകരിച്ചാണ് എല്ലാ വർഷവും വിഷുദിനത്തിൽ പണ്ടാട്ടി വരവ് ആഘോഷിച്ചു വരുന്നത്. വിഷു ദിനത്തിൽ ഭക്ത ഗൃഹങ്ങളിൽ ശിവ- പാർവ്വതി സാന്നിധ്യം അറിയിക്കുന്ന ആചാരം കൂടിയാണിത്. ഉത്തരകേരളത്തിലെ പത്മശാലിയ തെരുവുകളിൽ പഴയ കാലം മുതൽ വിവിധ പേരുകളിൽ ഈ ആഘോഷം തുടർന്നു വരുന്നു.

