KOYILANDY DIARY

The Perfect News Portal

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപി – ആര്‍എസ്എസ് സംയുക്ത പദ്ധതി: കാരാട്ട്

കോഴിക്കോട് : വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ടി ബിജെപി – ആര്‍എസ്എസ് സംയുക്ത പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എസ്എന്‍ഡിപി നേതൃത്വം ബിജെപിയുമായുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിച്ചത്. ജാതീയ– സാമുദായിക ശക്തികളുമായി കൂട്ടുപിടിച്ച് കേരളരാഷ്ട്രീയത്തില്‍ വേരുറപ്പിക്കുകയാണ്  ബിജെപിയുടെ തന്ത്രം. ജാതീയ ശക്തികളെ കൂട്ടുപിടിച്ചുള്ള ബിജെപിയുടെ നീക്കം കേരളീയ സമൂഹത്തെ സംബന്ധിച്ച് അങ്ങേയറ്റം ആപത്കരമാണ്. ഈ സഖ്യം കേരളരാഷ്ട്രീയത്തില്‍ വിലപ്പോകില്ല. സിപിഐ എം ഈ പുതിയ കൂട്ടുകെട്ടിനെ ശക്തമായി തുറന്നുകാട്ടും– വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട് പറഞ്ഞു.

പുതിയകക്ഷി സിപിഐ എമ്മിന് ഭീഷണിയല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രകടമായതാണ്. ഇത് യാതൊരു സ്വാധീനവുമുണ്ടാക്കാനും പോകുന്നില്ല.  ശ്രീനാരായണ ഗുരുവിന്റെ ആശയസംഹിത ഉയര്‍ത്തിപ്പിടിക്കുന്ന എസ്എന്‍ഡിപിക്ക് ബിജെപിയുമായി കൂട്ടുകൂടാനാകില്ല. യോഗനേതൃത്വത്തിന്റെ ഇപ്പോഴത്തെ  നിലപാട് അണികള്‍പോലും സ്വീകരിക്കില്ല. പഴയ എസ്ആര്‍പിയുടെ അനുഭവമാണ് പുതിയകക്ഷിക്കും വരാന്‍പോകുന്നത്.

രാജ്യമാകെ കാര്‍ഷിക–സാമ്പത്തികരംഗം അങ്ങേയറ്റം ഗുരുതരമായവിധത്തില്‍  തകര്‍ച്ചയെ നേരിടുകയാണ്. കടുത്ത വരള്‍ച്ചയും മഴയില്ലാത്തതുമടക്കമുള്ള കാരണങ്ങളാല്‍ കൃഷിക്കാര്‍ ദുരിതത്തിലാണ്്. ഒഡീഷയിലും ആന്ധ്രയിലും നിരവധി കര്‍ഷകര്‍ ജീവനൊടുക്കി. കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോഴും മോഡി സര്‍ക്കാര്‍ ഇതൊന്നും  കാണുന്നേയില്ല. വരള്‍ച്ചാബാധിതപ്രദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ യാതൊരു ആശ്വാസപദ്ധതികളുമില്ല. ഗോമാതാവും ബീഫും എഴുത്തുകാരോടും കലാകാരന്മാരോടുമുള്ള ഭീഷണിയുമാണ് സര്‍ക്കാരിന്റെ അജന്‍ഡയില്‍ പ്രധാനം. വിലക്കയറ്റത്തിനും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും മറയിടാന്‍ ഈ വിഷയങ്ങള്‍ ആയുധമാക്കുകയാണ് ബിജെപി.

Advertisements

സിപിഐ എമ്മില്‍ വിരമിക്കല്‍ പ്രായമില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. പഴയതും പുതിയതുമായ തലമുറകളുടെ അനുഭവസമ്പത്തുകള്‍ കൂട്ടി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതാണ് പാര്‍ടിയുടെ ശൈലി.  കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പാര്‍ടിയെ ആരു നയിക്കണം, എന്തായിരിക്കണം തെരഞ്ഞെടുപ്പ് തന്ത്രം എന്നതെല്ലാം ഉചിതമായ സമയത്ത് തീരുമാനിക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം. അടുത്തമാസം ചേരുന്ന പാര്‍ടി യോഗത്തില്‍ അവിടുത്തെ നിലപാടുകള്‍ക്ക് അന്തിമരുപം നല്‍കും. കോണ്‍ഗ്രസുമായി കൂട്ടുചേരുന്നുവെന്നത് ചില പത്രങ്ങളുണ്ടാക്കിയ  വാര്‍ത്തമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം, കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍, ജില്ലാസെക്രട്ടേറിയറ്റംഗം ടി പി ദാസന്‍, ജില്ലാകമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവരും പങ്കെടുത്തു.

– See more at: http://www.deshabhimani.com/news-kerala-all-latest_news-522159.html#sthash.4rWqkFGz.dpuf