ഉപഗ്രഹവേധ മിസൈല്‍: പരോക്ഷ ബഹിരാകാശ യുദ്ധത്തിലേക്ക് കാലെടുത്ത് വച്ച് ഇന്ത്യ
ദില്ലി: ഏത് തരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന സൂചനയാണ് ഇന്നലത്തെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചൈനയും റഷ്യയും അമേരിക്കയും ഇതിനോടകം തുടങ്ങിവച്ച പരോക്ഷ ബഹിരാകാശ യുദ്ധത്തിലേക്കാണ് ഇന്ത്യയും കടന്നിരിക്കുന്നത്.
2007-ല്‍ ചൈന നടത്തിയ പരീക്ഷണം അമേരിക്ക, ബ്രിട്ടണ്‍ , ജപ്പാന്‍ അടക്കമുള്ള ലോകരാജ്യങ്ങളുടെ വന്‍വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ബഹിരാകാശത്ത് ഉണ്ടായിരുന്ന സ്വന്തം ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് ചൈന അന്ന് ചെയ്തത്. ബഹിരാകാശത്ത് ഭാവിയില്‍ നടക്കാനിരിക്കുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കുള്ള ശക്തി തെളിയിക്കുകയായിരുന്നു ഇതിലൂടെ ചൈന.

വാര്‍ത്താ വിതരണം, സ്റ്റോക് എക്സേഞ്ച്, ആരോഗ്യരംഗം, ഊര്‍ജവിതരണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങി ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ ഒരു മേഖലയ്ക്കും ഇന്ന് നിലനില്‍ക്കാന്‍ കഴിയില്ല. ഗൈഡഡ് മിസൈല്‍, യുദ്ധവിമാനങ്ങള്‍ കപ്പലുകള്‍ ഉപഗ്രഹസാങ്കേതിക വിദ്യയില്ലാതെ ഒരു യുദ്ധവും നടക്കില്ല. ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ രണ്ട് സര്‍ജിക്കല്‍ സ്ട്രൈക്കുകളും ഐഎസ്‌ആര്‍ഒയുടെ ഉപഗ്രഹസഹായത്തോടെയാണ് നടന്നത്. ഇനിയേത് യുദ്ധത്തിലും ശത്രുവിന്‍റെ മര്‍മ്മത്തില്‍ കൊടുക്കാവുന്ന അടിയാവും അവരുടെ ഉപഗ്രങ്ങള്‍ തകര്‍ക്കുക എന്നത്.

ആരാരും അറിയാതെ ബഹിരാകാശത്തെ സ്ഫോടനത്തിലൂടെ രാജ്യത്തെ ഇരുട്ടിലാക്കുന്ന ശത്രുവിനെക്കുറിച്ചുള്ള ഭയം അമേരിക്ക അടക്കമുള്ള സൂപ്പര്‍ പവര്‍ രാജ്യങ്ങള്‍ക്കെല്ലാമുണ്ട്. ഇത്തരം ആക്രമണസാധ്യത നിരീക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് പ്രത്യേക വിഭാഗം തന്നെയുണ്ട്. . ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അവസാനിപ്പിച്ച അമേരിക്കയും റഷ്യയും അതിനപ്പുറമുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. അതില്‍ പലതിനെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലോകത്ത് ആരുടെ കൈയിലും ഇല്ല എന്നതാണ് വാസ്തവം.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ സാധാരണഗതിയില്‍ ഐഎസ്‌ആര്‍ഒ ആണ് നടപ്പാക്കുന്നതെങ്കില്‍ ഇന്നലെ നടന്നെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചത് ഡിആര്‍ഡിഒ ആണ്. സമാനമായ രീതിയില്‍ അമേരിക്കയുടെ പല രഹസ്യസൈനിക ദൗത്യങ്ങളിലും നാസയ്ക്കൊപ്പം അമേരിക്കന്‍ പ്രതിരോധസേനകളും പങ്കാളികളാണ്.
ഉദാഹരണത്തിന് എക്സ് 37 ബി എന്ന പേരില്‍ അമേരിക്ക 2010 മുതല്‍ ഒരു സ്പേസ് ഷട്ടില്‍ ബഹിരാകാശത്തേക്ക് വിടുന്നുണ്ട്. ബോയിംഗ് എക്സ് 37 അല്ലെങ്കില്‍ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍ എന്നറിയപ്പെടുന്ന ഈ സ്പേസ് ക്രാഫ്റ്റ് 2010 ഏപ്രിലിലാണ് ആദ്യമായി വിക്ഷേപിച്ചത്. ഈ ആളില്ലാ സ്പേസ് ഷട്ടില്‍ പിന്നെ തിരിച്ച് ഭൂമിയില്‍ ഇറങ്ങിയത് 224 ദിവസം ഭൂമിക്ക് ചുറ്റും കറങ്ങി നടന്നതിന് ശേഷമാണ്. 2011 മാര്‍ച്ചിലായിരുന്നു അടുത്ത വിക്ഷേപണം 468 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങിയ സ്പേസ് ഷട്ടില്‍ പിന്നെ ഭൂമിയില്‍ തിരിച്ചിറങ്ങി.2012 ഡിസംബറിലും, 2015 മെയിലും ഏറ്റവും ഒടുവില്‍ 2017 സെപ്തബറിലും എക്സ് 37 സ്പേസ് ഷട്ടിലുകള്‍ ബഹിരാകാശത്തേക്ക് പോയി. ഇനി ഈ വര്‍ഷം ഡിസംബറില്‍ മറ്റൊരു എക്സ് 37 സ്പേസ് ഷട്ടിലും രഹസ്യദൗത്യമായി ആകാശത്തേക്ക് പോകും.
എന്താണ് എക്സ് 37 സ്പേസ് ഷട്ടിലുകളുടെ ദൗത്യം എന്നതിനെക്കുറിച്ച് പലതരം കഥകള്‍ പരക്കുന്നുണ്ട്. ഈ സ്പേസ് ഷട്ടിലില്‍ ആണവയുധങ്ങള്‍ ഉണ്ടെന്നാണ് ഒരു കഥ. വലിയ തോതില്‍ ഇന്ധനവുമായി ബഹിരാകാശത്തേക്ക് റോക്കറ്റില്‍ പോകുന്ന ഈ സ്പേസ് ഷട്ടില്‍ പലവട്ടം ഭ്രമണപഥം മാറി സഞ്ചരിക്കുന്നുണ്ട് ഭൂമയില്‍ നിന്നും നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശത്രുരാജ്യത്തെ ആക്രമിക്കാന്‍ ഇവ അമേരിക്ക ഉപയോഗിക്കും എന്ന കഥയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ശത്രുരാജ്യങ്ങളുടെ ഉപഗ്രങ്ങളെ തകര്‍ക്കാനുള്ള മിസൈലുകളാണ് എക്സ് 37 ബി ഷട്ടിലില്‍ ഉള്ളതെന്നാണ് മറ്റൊരു കഥ. അതല്ല ചാരനിരീക്ഷണത്തിന് വേണ്ടിയാണ് ഷട്ടിലുകള്‍ ആകാശത്ത് കറങ്ങുന്നതെന്നാണ് മറ്റൊരു കഥ. ചൈനയുടെ ബഹിരാകാശ നിലയമായി ടിയോംഗ് 1-നെ നിരീക്ഷിക്കുകയാണ് 2012-ല്‍ വിക്ഷേപിച്ച എക്സ് 37- ഒടിവി രണ്ടിന്‍റെ ദൗത്യം എന്ന് ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും പെന്‍റഗണ്‍ ഇത് നിഷേധിച്ചിരുന്നു.
മറ്റൊരു രാജ്യത്തെ ഉപഗ്രഹത്തെ ലക്ഷ്യം വച്ച് ഇതുവരെ ആരും മിസൈലുകള്‍ തൊടുത്തുവിട്ടിട്ടില്ല. 1967ലെ ഔട്ടര്‍ സ്പേസ് ട്രീറ്റി ബഹിരാകാശ യുദ്ധം പൊതുവില്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എന്താണ് എക്സ് 37 ന്‍റെ ദൗത്യമെന്ന് അമേരിക്ക വെളിപ്പെടുത്താന്‍ സാധ്യതയില്ല. ബഹിരാകാശാത്തെ ആയുധവത്കരിക്കുന്നതിനെതിരെ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വേണമെന്ന ആവശ്യം ഉയരാന്‍ ഒരു കാരണം ഇതൊക്കെയാണ്. ഇന്ത്യയുടെ പരീക്ഷണം ഈ ആവശ്യം കൂടുതല്‍ ശക്തമാകാന്‍ കാരണമായേക്കും.
എന്തായാലും ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്നുള്ള മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കാനുള്ള ശേഷിയാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ ഈ മേഖലയില്‍ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട് എന്നതാണ് വാസ്തവം. ഭൂമിയില്‍ നിന്ന് മാത്രമല്ല കടലില്‍ നിന്നും ആകാശത്തില്‍ നിന്നും ഇതേ മിസൈലുകള്‍ ഉപയോഗിക്കാനുള്ള കരുത്ത് നേടണം. അമേരിക്കയുടെ എക്സ് 37 പോലെ ഭാവിയില്‍ ഇന്ത്യയുടെ രഹസ്യസ്പേസ് ഷട്ടിലുകളും ബഹിരാകാശത്ത് എത്താനും സാധ്യതയേറെയാണ്.
