സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുരളീ മനോഹര്‍ ജോഷി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബജെപി സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷി. മനോഹര്‍ ജോഷിയോട് കാണ്‍പൂരില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പ്രസ്താവന നടത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം ലാല്‍ ആവശ്യപ്പെട്ടതായാണ് സൂചന. മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായി ജോഷി വോട്ടര്‍മാരെ അറിയിച്ചു.
അതേസമയം രാം ലാലിന്റെ ആവശ്യം ജോഷി നിഷേധിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തി തന്നോട് വിശദീകരിച്ചാല്‍ മാത്രമേ തീരുമാനം അംഗീകരിക്കുകയുള്ളു എന്നും നേരിട്ട് അറിയിക്കാന്‍പോലും മാന്യത കാട്ടാതെ ദൂതന്‍വഴി അറിയിച്ചത് അങ്ങേയറ്റം അവഹേളനപരമാണെന്നും ജോഷി രാം ലാലിനോട് പ്രതികരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

സിറ്റിംഗ് എംപി എന്ന നിലയിലാണ് മത്സരിക്കാന്‍ തയാറെടുത്തത്. അവര്‍ക്കെന്നെ അഭിമുഖീകരിക്കാന്‍ എന്താണ് പേടിയെന്ന് ജോഷി ചോദിച്ചതായി പറയുന്നു. കാണ്‍പൂരില്‍ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കരുതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് അറിയിച്ചു- തിങ്കളാഴ്ച ഇറക്കിയ ചെറുകുറിപ്പില്‍ ജോഷി പറഞ്ഞു.

