KOYILANDY DIARY

The Perfect News Portal

സാമൂഹിക മാധ്യമങ്ങളിലെ സുന്ദര ഭൂമി: ഇല്ലിക്കൽ മല

ഈരാറ്റുപേട്ട> സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിലേക്ക് എത്തി നിൽക്കുന്ന സുന്ദര ഭൂമിയായ കോട്ടയം ജില്ലയുടെ വിനോദ സഞ്ചാരം തന്നെ മാറ്റിമറിച്ച ഇല്ലിക്കൽ മല.സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6000 അടി ഉയരമുള്ള ഈ മല, കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചില്‍ നദിയുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ്. ഉമ്മിക്കുന്ന് എന്ന വിളിപ്പേരുള്ള പുല്‍മേടും പാതി അടര്‍ന്ന പടുകൂറ്റന്‍ കൂനംകല്ലുമാണ് ഇല്ലിക്കല്‍മലയുടെ കൊടുമുടി.ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടിലുള്ള തീക്കോയി ഗ്രാമത്തിലാണ് ഇല്ലിക്കല്‍മല സ്ഥിതി ചെയ്യുന്നത്. സംസ്ഥാനപാതയില്‍ നിന്ന് പത്ത് കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാല്‍ അടുക്കം കവലയില്‍ എത്താം. അവിടെനിന്ന് നാലുകിലോമീറ്ററോളം ഹെയര്‍പിന്‍ വളവുകള്‍ കയറിയാണ് മലയുടെ ചുവട്ടിലെത്തുന്നത്. കുത്തനെയുള്ള കയറ്റം കയറിവേണം ഉമ്മിക്കുന്നിന്റെ നെറുകയിലെത്താന്‍. ആകാശത്തേയ്ക്കു തല ഉയര്‍ത്തിനില്‍ക്കുന്ന കൂനംകല്ല് ഇതോടെ കണ്‍മുന്നില്‍ തെളിയും. ഇരുവശത്തും അഗാധഗര്‍ത്തമുള്ള, നരകപാലത്തിലൂടെ നടന്നാല്‍ കൂനംകല്ലിന്റെ ചുവട്ടില്‍ എത്തിച്ചേരാം. ഒരേ സമയം ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന അവിസ്മരണീയ അനുഭവമാണ്, ഇടുങ്ങിയ കല്‍പ്പാതകള്‍ താണ്ടിയുള്ള ഈ നടത്തം. കീഴ്ക്കാംതൂക്കായ കൂനംകല്ലിന്റെ ചുവട്ടിലെത്തുന്നതിലും ക്ലേശകരമാണ്, അവിടെനിന്നും മുകളിലേയ്ക്കുള്ള കയറ്റം. പാറക്കെട്ടുകളുടെ വശത്തുള്ള ഗുഹയിലൂടെ അടുത്തുള്ള മൊട്ടക്കുന്നിലേയ്ക്കും കുരിശുമലയിലേയ്ക്കും എത്തിച്ചേരാം.വിവിധ ഭാഗങ്ങളില്‍ നിന്ന് ഇല്ലിക്കല്‍മല തേടി ആളുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ, വിനോദസഞ്ചാരവകുപ്പിന്റെ ഗ്രീന്‍ ടൂറിസം പദ്ധതിയിലും പ്രദേശം ഇടംപിടിച്ചു.