10 വയസ്സുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കുമെന്നത് അംഗീകരിക്കാനാവില്ല’- അഡ്വ. പി വി ദിനേശ്

ന്യൂഡല്‍ഹി : ശബരിമലയില്‍ 10 വയസ്സുള്ള പെണ്‍കുട്ടി ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് അഡ്വ. പി വി ദിനേശ് സുപ്രീംകോടതിയില്‍. തന്ത്രിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജി പരാമര്‍ശിക്കുകയായിരുന്നു പി വി ദിനേശ്. “10 വയസ്സുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കും എന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ല. ആ പ്രായത്തിലുള്ള പെണ്‍കുട്ടിയെവരെ മറ്റൊരുരീതിയില്‍ കാണുന്നതിന് തുല്യമാണത്’ പി വി ദിനേശ് വാദിച്ചു. പുനഃ പരിശോധന ഹര്‍ജികള്‍ നല്‍കിയവര്‍ കോടതി അലക്ഷ്യം നടത്തിയവരാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിക്കെതിരായ അപേക്ഷയില്‍ പി വി ദിനേശ് വാദം അറിയിച്ചു. ശബരിമല ക്ഷേത്രം പൊതുക്ഷേത്രം ആണെന്നും ആരുടെയും കുടുംബ ക്ഷേത്രം അല്ലെന്നും ഇന്ദിര ജയ്സിങ് വാദിച്ചു. “ഭരണഘടനയിലെ എല്ലാ വകുപ്പുകളും ശബരിമലക്കും ബാധകമാണ്. ഞാന്‍ ക്ഷേത്രത്തില്‍ പോകണം എന്ന് തീരുമാനിച്ചാല്‍ എന്നെ നിയമപരമായി ആര്‍ക്കും തടയാന്‍ കഴിയില്ല. എന്റെ വീട് ആണ് എന്റെ ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും എനിക്ക് കയറാം. അയ്യപ്പ സ്വാമി എന്നെ തടയില്ല. ഞാന്‍ ഒരു വ്യക്തി ആണെങ്കില്‍ എനിക്ക് ക്ഷേത്രത്തില്‍ പോകാന്‍ എല്ലാ അധികാരവും ഭരണഘടന നല്‍കുന്നുണ്ട്’ ഇന്ദിര ജയ്സിങ് വാദിച്ചു.

തന്ത്രിയാണ് ശബരിമലയിലെ പ്രതിഷ്ഠയുടെ അധികാരിയെന്ന് അഡ്വ. വി ഗിരി വാദിച്ചു. അയ്യപ്പന്‍ നൈഷ്‌ഠിക ബ്രഹ്മചാരിയാണ്. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ യുവതി പ്രവേശനം വിലക്കിയത്. തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ട്. ഗിരി വാദിച്ചു.

