KOYILANDY DIARY.COM

The Perfect News Portal

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശക്തമായ നിയമനടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം> സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. നവമാധ്യമങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍ അവിഭാജ്യമായ ആവശ്യമായി മാറിക്കഴിഞ്ഞു. ഒട്ടേറെ ഗുണകരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എതിര്‍ശബ്ദങ്ങളെ സംസ്‌കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവല്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന‌ും മുഖ്യമന്ത്രി പറഞ്ഞു. മുല്ലക്കര രത്നാകരന്റെ സബ്മിഷന‌് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ളവരെയും രാഷ്ട്രീയ-സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെയും പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണതയും ശക്തിപ്പെട്ടുവരികയാണ്. നിലവിലുള്ള നിയമങ്ങളില്‍ പോരായ്മകള്‍ ഉണ്ട് എന്ന അഭിപ്രായം പൊതുവില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന പൊതുവായ അഭിപ്രായം സര്‍വ്വകക്ഷി യോഗത്തില്‍ തന്നെ മുമ്ബ് ഉണ്ടായിട്ടുള്ളതാണ്. ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും സേവനദാതാക്കളുടെ സഹകരണം ആവശ്യമാണ്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യാന്തര നിയമാധികാരപരിധി നിമിത്തം പല തരത്തിലുള്ള പ്രയാസങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. പലപ്പോഴും പ്രചാരത്തിലുള്ള ഇത്തരം വ്യാജ അക്കൗണ്ടുകളുടെ ഉറവിടം വിദേശരാജ്യങ്ങളുമാകാറുണ്ട്. ചില കൂട്ടായ്മകളുടെ വിവരങ്ങള്‍ കൈമാറുവാന്‍ ചില സേവനദാതാക്കള്‍ തയ്യാറാകാറില്ല. അതോടൊപ്പം, സേവനദാതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ നമ്ബരുകളും വിദേശ ഫോണ്‍ നമ്ബരുകളും ഉപയോഗിച്ച്‌ അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്.

ഇന്ത്യയില്‍ സേവനം നല്‍കുന്ന എല്ലാ സമൂഹമാധ്യമ സേവന ദാതാക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ സാങ്കേതിക തടസ്സം പറയാതെ ആവശ്യമായ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിന് തയ്യാറാകുന്നവിധം നിയമനിര്‍മ്മാണം ആവശ്യമായി വന്നേക്കാം.

Advertisements

നിലവില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗം, സൈബര്‍ലോകത്തെ ചതിക്കുഴികള്‍ എന്നിവ സംബന്ധിച്ച്‌ റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കും മറ്റുമെതിരെ പരാതി ലഭിച്ചാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും വകുപ്പുകള്‍ ചേര്‍ത്ത് നടപടി സ്വീകരിച്ചുവരുന്നുണ്ട്. 2016 മുതല്‍ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് 502 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുംവിധം ബോധപൂര്‍വ്വമുള്ള ഏതൊരുതരം പ്രവര്‍ത്തനങ്ങളെയും വ്യാജപ്രചരണങ്ങളെയും പോലീസ് രഹസ്യാന്വേഷണവിഭാഗം, സൈബര്‍ സെല്‍ തുടങ്ങിയ സംവിധാനങ്ങള്‍ മുഖേന നിരീക്ഷണം നടത്തിവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടയുന്നതിനുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *