എട്ട് മണിക്കൂര്‍ വാനിലുള്ളിലിട്ട് ക്രൂര മര്‍ദ്ദനം; യുവാവിനെ കൊള്ളയടിച്ച് അക്രമികള്‍

ബംഗളൂരു: ബംഗളൂരുവില്‍ 25കാരനെ തട്ടികൊണ്ടുപോയി പണം കവര്‍ന്നു. ചെന്നൈ സ്വദേശി അനുരാഗ് ശര്‍മ്മയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ചയ്ക്ക് ഇരയാക്കിയത്. എട്ട് മണിക്കൂറോളം തടവില്‍ വച്ചാണ് അനുരാഗില്‍നിന്ന് പണമുള്‍പ്പടെ കവര്‍ന്നത്. ജനുവരി 31 വ്യാഴാഴ്ച രാത്രി 11.50ഓടെയാണ് സംഭവം നടന്നത്.
ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിലെ ജീവനക്കാരനാണ് അനുരാഗ്. ബംഗളൂരുവിലുള്ള ബന്ധുവീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നാലുപേര്‍ ചേര്‍ന്ന് അനുരാഗിനെ ബലമായി വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സംഭവം നടന്ന ദിവസം രാത്രി നാട്ടിലേക്ക് മടങ്ങുന്നതിനായി ബോമസാന്ദ്രയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ ഒമ്‌നി വാനിലെത്തിയ സംഘം ബലമായി പിടിച്ച് വാനിലേക്ക് കയറ്റുകയായിരുന്നു. വാനില്‍ കയറ്റുന്നതിന് മുമ്ബ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അക്രമികള്‍ മര്‍ദ്ദിച്ച് വാനിലേക്ക് കയറ്റി. പിന്നീട് ബസ് സ്റ്റാന്റില്‍നിന്ന് വാന്‍ എടുക്കുകയും തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍നിന്ന് വേറെ രണ്ട് പേരെ വണ്ടിയിലേക്ക് കയറ്റുകയും ചെയ്തു.

പിന്നീടുള്ള എട്ട് മണിക്കൂര്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളായിരുന്നുവെന്ന് അനുരാഗ് പറയുന്നു. കാറില്‍ കയറ്റിയ ഉടന്‍തന്നെ അക്രമികള്‍ കണ്ണുകള്‍ രണ്ടും കെട്ടി. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് കാലില്‍ ശക്തമായി അടിച്ചു. ശേഷം പോക്കറ്റില്‍നിന്ന് പേഴ്സും മൊബൈല്‍ ഫോണും എടുത്തു. ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്ബര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്‍ നമ്ബര്‍ നല്‍കാന്‍ വിസമ്മതിച്ചത്തോടെ കത്തി ചൂണ്ടി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭീഷണി ഭയന്ന് പിന്‍ നമ്ബര്‍ നല്‍കി. തന്റെ കൈയില്‍ ഉണ്ടായിരുന്ന നാല് എടിഎം കാര്‍ഡിന്റെ പിന്‍ നമ്ബര്‍ അക്രമികള്‍ക്ക് പറഞ്ഞ് കൊടുത്തു. നാല് എടിഎമ്മുകളില്‍നിന്നായി 45000 രൂപയോളം അക്രമികള്‍ കവര്‍ന്നതായി അനുരാഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 8.30യോടെ അക്രമി സംഘം അനുരാഗിനെ ആളൊഴിഞ്ഞ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അക്രമത്തില്‍ സാരമായി പരിക്കേറ്റ അനുരാഗ് ആശുപത്രിയിലേക്ക് പോകുകയും ചികിത്സ തേടുകയും ചെയ്തു. നടക്കാന്‍ പോലും കഴിയാത്തവിധം മര്‍ദ്ദിച്ചതിനാല്‍ വളരെ കഷ്ടപ്പെട്ടാണ് ആശുപത്രി വരെ എത്തിയതെന്നും അനുരാഗ് പറഞ്ഞു. അനുരാഗിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബംഗളൂരു പൊലീസ് പറഞ്ഞു.
