പെണ്‍വാണിഭ കേസ് കോടതി വിചാരണയ്ക്കിടെ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു

കോട്ടയം: വിതുര പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടി കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി കൊല്ലം കടയ്ക്കല്‍ ജുബൈന മന്‍സിലില്‍ സുരേഷ് (45) തന്നെ പലര്‍ക്കും കാഴ്ചവച്ചുവെന്നും പലതവണ പീഡിപ്പിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി അടച്ചിട്ട മുറിയില്‍ കോടതിയെ ബോധിപ്പിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്.
ജോലി വാഗ്ദാനം നല്കി അജിതാ ബീഗം എന്ന സ്ത്രീയാണ് തന്നെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതെന്നും പിന്നീട് സുരേഷിന് കൈമാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അന്ന് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. സുരേഷില്‍ നിന്നും ഇപ്പോഴും വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

എറണാകുളം അത്താണിയിലുള്ള വീട്ടിലായിരുന്നു സുരേഷ് തന്നെ താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് കാറില്‍ എറണാകുളത്തെ ഒരു മുന്തിയ ഹോട്ടലിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ഒരാള്‍ തന്നെ പീഡനത്തിനിരയാക്കിയെന്ന് വിചാരണവേളയില്‍ പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

സുരേഷിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇന്ന് രേഖാമൂലം ആവശ്യപ്പെടും. സുരേഷിന്റെ വക്കാലത്ത് അഭിഭാഷകന് ഒഴിഞ്ഞതിനാല്‍ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ ഒരു മാസത്തെ സാവകാശം നല്‍കണമെന്ന് സുരേഷ് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. കോടതിതന്നെ ഒരു അഭിഭാഷകനെ പ്രതിക്ക് ഏര്‍പ്പാടാക്കിക്കൊടുത്തു.

