KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ പ്രതീക്ഷയുണര്‍ത്തി ആദ്യദിനം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാനാകുമെന്ന പ്രതീക്ഷയിലാണ് ആദ്യദിനം കളി അവസാനിച്ചത്. സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. അജിങ്ക്യ രഹാനയുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 89 റണ്‍സോടെ രഹാനെയും ആറ് റണ്‍സോടെ അശ്വിനുമാണ് ക്രീസില്‍. ഒരറ്റത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി വീണു കൊണ്ടിരിക്കുമ്പോള്‍ പാറപോലെ ഉറച്ചു നിന്ന രഹാനെ ഒന്‍പതു ഫോറും രണ്ടു സിക്‌സും നേടി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവര്‍ താളം കണ്ടത്തൊന്‍ നന്നേ ബുദ്ധിമുട്ടി. ആദ്യ മുപ്പത് മിനിറ്റില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം നേടിയത് ആറ് റണ്‍സ് മാത്രമാണ്. ആദ്യ മണിക്കൂറില്‍ 16 റണ്‍സും. സ്‌കോര്‍ 30 റണ്‍സിലത്തെിയപ്പോള്‍ മുരളി വിജയയുടെ വിക്കറ്റ് വീണു. പിന്നീട് ഇടവേളകളിലെ വിക്കറ്റ് വീഴ്ച ഇന്ത്യയുടെ പതനം വിളിച്ചോതുന്ന രീതിയിലായിരുന്നു. ധവാന്‍ 33 റണ്‍സ്് ചേതേശ്വര്‍ പൂജാര 14റണ്‍സ്് എന്നിവര്‍ അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യ 66/3 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ വിരാട് കോഹ്‌ലി-രഹാനെ സഖ്യം 70 റണ്‍സ് നേടിയത് ഇന്ത്യയ്ക്ക് രക്ഷയായി. 44 റണ്‍സ് നോടിയ കോഹ്‌ലി പുറത്തായതിനു പിന്നാലെ ഒരു റണ്‍ വീതം നേടി രോഹിത് ശര്‍മയും വൃദ്ധിമാന്‍ സാഹയും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് ജഡേജ രഹാന സഖ്യം സ്‌കോര്‍ 200 കടത്തി.