തിരൂരില്‍ 8 നായ്ക്കുട്ടികള്‍ ടാറില്‍ കുടുങ്ങി

മലപ്പുറം: തിരൂരില്‍ ടാര്‍ വീപ്പ മറിഞ്ഞു വീണ് എട്ടോളം നായ്ക്കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ മുന്‍സിപ്പാലിറ്റിയോട് ചേര്‍ന്ന് ടാര്‍ വീപ്പകള്‍ ശേഖരിച്ചു വച്ച സ്ഥലത്താണ് സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളിലൊന്ന് മറിഞ്ഞു വീണ് അതില്‍ നിന്നും ഒലിച്ചു വന്ന ടാറില്‍ എട്ട് നായ്ക്കുട്ടികള്‍ കുടുങ്ങി പോകുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി രണ്ട് മണിയോടെ ആണ് നായ്ക്കുട്ടികള്‍ ടാറില്‍ വീണത്.
സംഭവസ്ഥലത്തിന് അടുത്തായിരുന്ന തിരൂര്‍ ജനറല്‍ ആശുപത്രി. ഇവിടെ ഓട്ടം കാത്തിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നായക്കുട്ടികളുടെ കരച്ചില്‍ കേട്ട് തിരഞ്ഞു വന്നപ്പോള്‍ ആണ് ദാരുണമായ ഈ കാഴ്ച്ച കണ്ടത്. രാത്രിയില്‍ തന്നെ നായ്ക്കുട്ടികളെ ടാറില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും രാവിലെ എട്ട് മണിയോടെ മാത്രമാണ് എട്ട് നായ്ക്കുട്ടികളേയും ടാറില്‍ നിന്നും മാറ്റാന്‍ സാധിച്ചത്. നായ്ക്കുട്ടികളുടെ ശരീരത്തില്‍ നിന്നും ടാര്‍ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

ഇവയില്‍ പലതിനും എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ട്. നായ്ക്കുട്ടികള്‍ക്ക് പാല്‍ കൊടുത്ത് ജീവന്‍ നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. നിലമ്ബൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. തെരുവ് നായകളെ സംരക്ഷിച്ച് പരിചയമുള്ള ഇവര്‍ക്ക് നായ്ക്കുട്ടികളെ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ അതുവരെ എത്ര നായ്ക്കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

ടാറില്‍ വീണ് അര്‍ധപ്രാണനായി പിടയുന്ന നായ്ക്കുട്ടികളുടെ അവസ്ഥ ആരുടേയും കരളയിക്കുന്നതാണ്. അതേസമയം നായ്ക്കുട്ടികളെ രക്ഷിക്കാനായി നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും മുന്‍സിപ്പാലിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഉദ്യോഗസ്ഥര്‍ ആരും വരാത്തതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പാലും മറ്റും നല്‍കി നായ്ക്കുട്ടികളെ ഇപ്പോഴും നാട്ടുകാര്‍ പരിചരിക്കുകയാണ്.

