ബന്ധുനിയമനം; ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു കെടി ജലീല്‍.പ്രവര്‍ത്തന പരിചയമുള്ള ആളെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത്.
ഇതൊരു സാധാരണ നടപടി മാത്രമാണ്. സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഇതിലുണ്ടായിട്ടില്ലെന്നും വിവാദത്തെ തുടര്‍ന്നാണ് അദീബ് രാജിവച്ചതെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.

നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആദ്യം അഭിമുഖത്തില്‍ വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യത ഇല്ലായിരുന്നു. നേരത്തെ അപേക്ഷ തന്ന് അഭിമുഖത്തിനു വരാതിരുന്ന അദീബ് ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോള്‍ അദീബ് മാതൃസ്ഥാപനത്തിലേക്കു മടങ്ങി. നിയമനം കാരണം കോര്പ്പറേഷന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കെ ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. യുഡിഎഫിന്റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെ നിയമനം നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

