KOYILANDY DIARY.COM

The Perfect News Portal

ശബരിമല യുവതീ പ്രവേശനം; ശ്രീധരന്‍ പിള്ളയടക്കം അഞ്ചുപേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു

ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അടക്കം അഞ്ചു പേര്‍ക്ക് എതിരെ സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നിഷേധിച്ച്‌ സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് കോടതി രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പീഎസ് ശ്രീധരന്‍ പിള്ള, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ചലച്ചിത്ര താരം കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു. വിധി നടപ്പാക്കാതിരിക്കാന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു എന്നിവയാണ് ഹര്‍ജിയില്‍ ഒന്നാം കക്ഷിയായ ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ ആരോപണങ്ങള്‍. ഭരണഘടന കത്തിക്കുമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താനും സ്ത്രീകളെ കീറിയെറിയുമെന്ന് ഭീഷണിപ്പെടുത്തിയതിന് കൊല്ലം തുളസിക്കും എതിരെ കോടതിയലക്ഷ്യം ആരോപിക്കുന്നു.

അതേസമയം സ്ത്രീകള്‍ കയറിയാല്‍ നട അടക്കുമെന്നു പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും എതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി കോടതിയലക്ഷ്യമല്ലെന്നും ക്രിയാത്മക വിമര്‍ശനം മാത്രമാണെന്നുമുള്ള സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായവും അപേക്ഷയ്ക്ക് അനുബന്ധമായി നല്‍കിയിട്ടുണ്ട്. കേവലം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കഴിയില്ല എന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന് ഹര്‍ജി തുറന്ന കോടതിയില്‍ വാദത്തിന് ലിസ്റ്റ് ചെയ്യാം. കോടതിക്ക് നേരിട്ട് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാം. അല്ലെങ്കില്‍ കോടതിയലക്ഷ്യം ഇല്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളി കളയാം എന്നിവയാണ് സാധ്യകള്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *