കന്യാകുമാരിയില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ 7 ബസുകള്‍ തകര്‍ത്തു, അതിര്‍ത്തിയില്‍ കനത്ത ജാഗ്രത

കന്യാകുമാരി: ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം.കല്ലേറില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഏഴു ബസുകള്‍ തകര്‍ത്തു. മാര്‍ത്താണ്ഡം, ഇരവിപുത്തൂര്‍ക്കട,കരിങ്കല്‍ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ സര്‍വ്വീസ് നിറുത്തിവച്ചെങ്കിലും പതിനൊന്നുമണിയോടെ പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഹര്‍ത്താലായതിനാല്‍ അക്രമത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ആര്.ടി.സി തമിഴ്നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്നലെ രാത്രി തന്നെ നിറുത്തിയിരുന്നു. കെ. എസ്.ആര്.ടി.സി കളിയിക്കാവിളവരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. തമിഴ്നാട്, കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ ഹര്‍ത്താലില്‍ അന്തര്‍സംസ്ഥാന ഗതാഗതം നിലച്ചു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കന്യാകുമാരി, നാഗര്‍കോവില്‍ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. അത്യാവശ്യ സര്‍വ്വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.കടകമ്ബോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. കാര്‍ത്തിക പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മിക്കതിനും അവധിയായിരുന്നെങ്കിലും കേരള – തമിഴ്നാട് അതിര്‍ത്തിയിലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ഹര്‍ത്താലില്‍ തടസപ്പെട്ടിട്ടുണ്ട്.

പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് തിങ്കള്‍ച്ചന്ത, തിരുവട്ടാര്‍, തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട്, നാഗര്‍കോവില്‍, പദ്മനാഭപുരം, കുഴിത്തുറ എന്നിവിടങ്ങളില്‍ ഹര്‍ത്താലുനുകൂലികള്‍ രാവിലെ പ്രകടനം നടത്തി. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനുള്ള ശ്രമങ്ങളും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കി.പ്രശ്നബാധിത സ്ഥലങ്ങളിലും പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റ് ക്രമീകരിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. പനച്ചമൂട്, മണിവിള,ചെറിയകൊല്ല,തോലടി, കുന്നത്തുകാല്‍, കളിയിക്കാവിള, ഊരമ്ബ് എന്നിവിടങ്ങളിലാണ് പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയത്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

