ആദിവാസി കുട്ടികളുടെ ക്യാമ്പും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

മലപ്പുറം: ജില്ലാ തല ബാലാവകാശ വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് പോത്തുകല്ല് മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ കരുതല്‍ കാടിന്റെ മക്കള്‍ക്കൊപ്പം എന്ന പേരില്‍ ആദിവാസി കുട്ടികളുടെ ക്യാമ്പും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.
വനിത – ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര പരിപാടി ഉദ്ഘാടനം ചെയ്തു. കോളനികളില്‍ ശൈശവ വിവാഹവും കുട്ടികള്‍ക്കെതിരായ അതിക്രമവും ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും അത്തരം വിഷയങ്ങളില്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനികളിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്കും മറ്റു വിദ്യാഭ്യാസ, ആരോഗ്യ പ്രശ്‌നങ്ങളും രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്ബില്‍ ചൂണ്ടിക്കാട്ടി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടിയില്‍ സി.ഡബ്ലിയു.സി ചെയര്‍മാന്‍ എം.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത എസ്.വര്‍മ്മ,. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസര്‍ ശ്രീകുമാര്‍, ഡെപ്യൂട്ടി റൈഞ്ച് ഓഫീസര്‍ ബെന്‍സി ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ ശിശുദിനമായ നവംബര്‍ 14 നാണ് ജില്ലയില്‍ ബാലാവകാശ വാരഘോഷത്തിന് തുടക്കമായത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് വാരാഘോഷം സംഘടിപ്പിച്ചത്. ബാലാവകാശ വാരഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പോസ്റ്റര്‍ നിര്‍മ്മാണ മല്‍സരം, സന്ദേശ കൈമാറ്റം, ദത്തെടുത്ത കുടുംബങ്ങളുടെ സംഗമം, ബാലാവകാശവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഒപ്പ് ശേഖരണം, പൊതുജന ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

