പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ ഹൈ റൂഫ് നിര്‍മിക്കുന്നതിന് അനുമതി നല്കി: മന്ത്രി ജി സുധാകരന്

തിരുവന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള വസുദേവ വിലാസം റോഡില്‍ വടക്കേ നട മുതല്‍ ഉത്സവ മഠം വരേയുള്ള ഭാഗത്ത് 78 മീറ്റര്‍ നീളത്തില്‍ 7.50 മീറ്റര്‍ ഉയരത്തിലുള്ള വഴി പന്തല്‍ നിര്‍മാണത്തിന് മന്ത്രി ജി സുധാകരന് അനുമതി നല്കി. കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ സ്പിരിച്ച്യല്‍ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായ സ്വദേശ് ദര്ശന് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. റോഡിന്റെ ഉപരിതലം ഗ്രാനൈറ്റ് സ്ലാബുകള്‍ വിരിച്ച് ഇരുവശത്തും ഡ്രൈനേജും, ഡക്ടും സ്ഥാപിക്കുന്ന സൗന്ദര്യവത്ക്കരണ പ്രവൃത്തികളും വിഭാവനം ചെയ്തിട്ടുണ്ട്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന് ഇരുഭാഗത്തേയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും, യോഗ തീരുമാനമനുസരിച്ച് പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിലനിര്‍ത്തിക്കൊണ്ട് ക്ഷേത്രത്തിലേക്കു വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മേല്‍ക്കൂര നിര്‍മാണത്തിനുള്ള അനുമതി നല്കാന് തീരുമാനിച്ചു.

തീര്‍ത്ഥാടന ആവശ്യത്തിനു മാത്രമേ റോഡ് ഉപയോഗിക്കാവൂ എന്നും യാതൊരുവിധ കച്ചവട പ്രവര്‍ത്തനങ്ങളും ഇവിടെ അനുവദിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്കി. പടിഞ്ഞാറെ നട മുതല്‍ വാഴപ്പള്ളി വഴി വെട്ടിമുറിച്ച കോട്ട വരേയുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിനായി ക്ഷേത്രം അധികൃതരുടെ അപേക്ഷ കിട്ടുന്ന മുറക്ക് പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

