സനല്‍കുമാര്‍ മരിച്ചത് തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി മര്‍ദ്ദിച്ച് കാറിന് മുന്നില്‍ തള്ളിയിട്ട സനല്‍കുമാര്‍ മരിച്ചത് തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന. സനല്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹരികുമാര്‍ കാറിനുമുന്നിലേക്ക് തള്ളിയതായ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തിരിക്കെയാണ് കേസില്‍ നിര്‍ണായകമായ പോസ്റ്റുമോര്‍ട്ടം വിവരം പുറത്തായത്.

സംഭവ ദിവസം തന്നെ ഡിവൈ.എസ്.പി ഒളിവില്‍ പോയിരുന്നു. മധുരയിലേക്കാണ് കടന്നതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.സര്‍വ്വീസ് റിവോള്‍വറുമായാണ് ഡിവൈ.എസ്.പി ഒളിവില്‍ പോയത്.അതേസമയം ഡിവൈ.എസ്.പി മുന്‍കൂര്‍ ജാമ്യം ലഭിക്കാനായി ആപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

