രണ്ട് ടിപ്പറുകള്‍ക്കിടയില്‍ കുടുങ്ങി ഡ്രൈവര്‍ മരിച്ചു

കിളിമാനൂര്‍: ടിപ്പര്‍ നിരങ്ങി മറ്റൊരു ടിപ്പറില്‍ തട്ടിയ അപകടത്തില്‍ പെട്ട് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. രണ്ട് ടിപ്പറുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നാണ് പേരൂര്‍ക്കട ഇന്ദിരാനഗറില്‍ സൂര്യാ റസിഡന്റ്സില്‍ വീട്ടുനമ്ബര്‍ 16 ല്‍ അരുണ്‍കുമാര്‍ (32) ആണ് മരിച്ചത്. അരുണ്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പര്‍. ഡ്രൈവര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് അരുണ്‍കുമാര്‍ തന്നെ വണ്ടിയോടിച്ചത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ കിളിമാനൂരിന് സമീപം കാട്ടുചന്തക്കും കളത്തറമുക്കിനുമിടയിലാണ് അപകടം. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്. കാട്ടുചന്തക്കും കളത്തറമുക്കിനുമിടയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ദിവസങ്ങളായി മണ്ണിടിക്കല്‍ നടന്നുവരുകയായിരുന്നു. നിരവധി ടിപ്പറുകള്‍ ഈ മേഖലയില്‍ നിന്ന് മണ്ണ് ശേഖരിച്ചിരുന്നു. ഇവിടെ നിന്നും ഒരുലോഡ് മണ്ണുമായി പോയി തിരികെ വീണ്ടുമെത്തിയി അരുണ്‍കുമാര്‍ തന്റെ ടിപ്പര്‍ മറ്റൊരു ടിപ്പറിന്റെ പുറകിലായി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥലക്കുറവ് കാരണം നടന്നില്ല.തുടര്‍ന്ന് സ്ഥലം പരിശോധിക്കാനായി ടിപ്പര്‍ സൈഡില്‍ നിര്‍ത്തി തൊട്ടുമുന്നില്‍ കിടന്ന ടിപ്പറിന്റെ പുറകില്‍ അരുണ്‍ എത്തിയപ്പോള്‍ സ്വന്തം ടിപ്പര്‍ ഹാന്റ് ബ്രേക്ക് അഴിഞ്ഞ് തെന്നിയിറങ്ങി അരുണിന്റെ ദേഹത്ത് അമരുകയായിരുന്നു.

ഇരുടിപ്പറുകള്‍ക്കുമിടയില്‍ അമര്‍ന്ന് ഞെരുങ്ങിയ അരുണ്‍കുമാറിനെ ഓടിക്കൂടിയ മറ്റ് ഡ്രൈവര്‍മാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല . അവിവാഹിതനാണ് മരിച്ച അരുണ്‍കുമാര്‍.അച്‌ഛന്‍ : ശാരംങധരന്‍ . അമ്മ: കുശലകുമാരി . സഹോദരി : അര്‍ച്ചന

