KOYILANDY DIARY.COM

The Perfect News Portal

‘ഷീ ലോഡ്ജ്’ തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ത്രീകളെ പരിഗണിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് തൃശ്ശൂരിലെ ഷീ ലോഡ്ജ് എന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന കോര്‍പ്പറേഷന്റെ ഇൗ സംരംഭം സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നും തദ്ദേശ സ്വയംഭരണവകുപ്പ്മന്ത്രി എ.സി.മൊയ്തീന്‍.

അയ്യന്തോള്‍ പഞ്ചിക്കലില്‍ കോര്‍പ്പറേഷന്‍ 1 കോടി 35 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ആവശ്യങ്ങള്‍ക്കായി സാംസ്കാരിക നഗരിയില്‍ എത്തുന്നവര്‍ക്ക് സുരക്ഷയും താമസ സൗകര്യവും ഒരുക്കുക എന്നതാണ് ലക്ഷ്യം. ഷീ ലോഡ്ജില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണ, താമസ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലയിലെ ആദ്യ സംരംഭമായ ഷീ ലോഡ്ജില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നല്ല പരിഗണന നല്‍കുമെന്നും ഒരേസമയം 50 പേര്‍ക്ക് താമസ സൗകര്യമൊരുക്കുമെന്നും അധ്യക്ഷത വഹിച്ച മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി ബൈലോ പ്രകാശനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. എല്‍. റോസി, ഡിപിസി മെമ്ബര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ രജനി വിജു, വത്സല ബാബുരാജ്, അജിത വിജയന്‍, കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് വിനു സി. കുഞ്ഞപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ ബാബു സ്വാഗതവും അസി. എന്‍ജിനീയര്‍ എം.ജെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *