പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയം. നാലു നിലയുള്ള കെട്ടിടവും അസംസ്കൃത വസ്തുക്കളും കത്തിയമര്‍ന്നു. 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഫാക്ടറിയിലെ തൊഴിലാളികളെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമാകുകയുള്ളു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് സൂചന. സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മണ്‍വിള, കുളത്തൂര്‍ പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസും അഗ്നിശമനസേനയും സമഗ്രമായ അന്വേഷണം നടത്തും. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. സ്ഥാപനമുടമകള്‍ക്ക് സംശയമുണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി 7മണിയോടെയാണ് ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റിന് തീ പിടുത്തമുണ്ടായത്. നാലു നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉല്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. സമീപ ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളടക്കം മുപ്പതോളം അഗ്നിശമന സേനാ വിഭാഗവും വിമാനത്താവളത്തില്‍ നിന്നുള്ള പമ്ബര് യൂണിറ്റും തീയണക്കാനായെത്തി. ആറു മണിക്കൂര്‍ നേരമാണ് നിയന്ത്രണ വിധേയമാവാതെ തീ ആളികത്തിയത്.

