KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി

ഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കരുതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പ്രവേശനം റദ്ദാക്കി ഉത്തരവിട്ടത്.

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡി.എം മെഡിക്കല്‍ കോളജ് വയനാട്, പി.കെ. ദാസ് മെഡിക്കല്‍ കോളജ് പാലക്കാട്, എസ്.ആര്‍ മെഡിക്കല്‍ കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് കോടതി റദ്ദാക്കിയത്.

550 സീറ്റുകളിലെ പ്രവേശന അനുമതിയാണ് റദ്ദായത്. നാല് കോളജുകള്‍ക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ നാല് കോളജുകള്‍ക്ക് നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച്‌ പ്രവേശനത്തിന് അനുകൂലമായ വിധി സമ്ബാദിച്ചു. ഇതിനെതിരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചതും വിധിയുണ്ടായിരിക്കുന്നതും.

Advertisements

വാദം കേള്‍ക്കുന്ന സമയത്ത് തന്നെ പ്രവേശനം നേടിയ കുട്ടികള്‍ പുറത്തുപോകേണ്ടി വരുമെന്ന പരമാര്‍ശം കോടതിയുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ കോളജുകള്‍ പ്രവേശനം നടത്തുന്നതും കോടതി സ്‌റ്റേ ചെയ്തിരുന്നു.

കഴിഞ്ഞ മാസം നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശനം നടത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം റദ്ദാക്കിയത്.

ഹൈക്കോടതിയുടെ അനുമതി മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ടിനു വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിക്കാത്തതു കൊണ്ടാണ് ഈ വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചതെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം. അതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രവേശനം പൂര്‍ത്തിയായതിനാല്‍ അനുകൂല നിലപാടുണ്ടാകണമെന്നു സംസ്ഥാന സര്‍ക്കാരും കോളജ് മാനേജ്‌മെന്റും വാദിച്ചു. വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നു വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *