പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റി

പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച കോറം തികയാതിരുന്നതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. 23 അംഗ ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ എല്‍ഡിഎഫിലെ 10 അംഗങ്ങള്‍ മാത്രമാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് രാവിലെ ഹാജരായത്. യുഡിഎഫിന്റെ ഒന്‍പത് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. മൂന്ന് ബിജെപി അംഗങ്ങളും ബിഡിജെഎസിന്റെ ഒരു സ്വതന്ത്ര അംഗവും ഹാജരായില്ല.
നിലവിലുള്ള നിയമമനുസരിച്ച് തൊട്ടടുത്ത പ്രവൃത്തിദിവസം വീണ്ടും തിരഞ്ഞെടുപ്പ് നടക്കും, അന്ന് കോറം ബാധകമല്ല. കോട്ടയം ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജെയിംസ് കുട്ടി തോമസാണ് വരണാധികാരി. ഓഗസ്റ്റ് 30നാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ട് ഇ ആര്‍ സുനില്‍ കുമാര്‍ വൈസ് പ്രസിഡണ്ട് അനില വിജു എന്നിവരെ യുഡിഎഫും ബിജെപിയും ചേര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. പത്തിനെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ബിജെപിയുടെ ഒരംഗം അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

തുടര്‍ന്ന് സെപ്റ്റംബര്‍ 22ന് വീണ്ടും പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ അയച്ച മെയില്‍ വരണാധികാരി കൃത്യമായി പരിശോധിക്കാതെ ഇരുന്നതിനാല്‍ മെമ്ബര്‍മാര്‍ക്ക് സമയബന്ധിതമായി കൃത്യമായി നോട്ടീസ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെക്കുക യായിരുന്നു. വരണാധികാരിയോട് ഇതുസംബന്ധിച്ച ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു. പഞ്ചായത്തിലെ ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.

