കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പദ്ധതിക്ക് 85 കോടിയുടെ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിക്കായി കേരള ഗവൺമെന്റ് കിഫ്ബി പദ്ധതിയിളുൾപ്പെടുത്തി അനുവദിച്ച 85 കോടി രൂപയുടെ പ്രവർത്തി ആരംഭിച്ചു. രണ്ട്ഘട്ടമായാണ് പ്രവർത്തി നടക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുമായി യോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണിത്.
85 കോടി രൂപയ്ക്കുള്ള ആദ്യഘട്ട പ്രവർത്തി കായണ്ണ -നടുവണ്ണൂർ-ഊരള്ളൂർ-ഒറ്റക്കണ്ടം വരെയുള്ള പൈപ്പിടൽ, നടേരി വലിയമലയിലും കോട്ടക്കുന്നിലും, നഗരസഭ വിട്ടുനൽകിയ 40 സെന്റ് സ്ഥലത്തും, മിനി സിവിൽ സ്റ്റേഷനടുത്ത് കേരള വാട്ടർ അതോറിറ്റിക്ക് വിട്ടുകിട്ടിയ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്തും, യഥാക്രമം 19, 17, 35 ദശലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കൂറ്റൻ ജലസംഭരണികൾ നിർമ്മിക്കുക, വലിയമലയിൽ ബൂസ്റ്റിങ്ങ് കേന്ദ്രം നിർമ്മിച്ച് പൈപ്പ് ലൈനുകളിട്ട് കുടിവെള്ളം 3 ടാങ്കുകളിലേക്കും എത്തിക്കുക എന്നിവയാണ്.

പദ്ധതയുടെ രണ്ടാം ഘട്ട പ്രവർത്തി നഗരസഭയിലെ 44 വാർഡുകളിലേക്കും ഡിസ്ട്രിബ്യൂഷൻ പൈപ്പുകൾ സ്ഥാപിച്ച് വെള്ളമെത്തിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ പ്രവർത്തി ഉൽഘാടനംനവംബർ 8ന് രാവിലെ 10 മണിക്ക് മന്ത്രിമാർ മാത്യു ടി. തോമാസ് , ടി.പി. രാമകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് നിർവ്വഹിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ; കെ.സത്യൻ അറിയിച്ചു.

