ഗോത്രവര്‍ഗ്ഗ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചതായി പരാതി

മാനന്തവാടി: തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികളും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് ആദിവാസി കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചതായി പരാതി. ആദിവാസി കുടുംബം ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് പരാതി നല്‍കി.
തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ പട്ടികവര്‍ഗ കുടുംബത്തിലെ പത്മനാഭനാണ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്‍ , തവിഞ്ഞാല്‍ ട്രൈബല്‍ ഓഫീസര്‍, പ്രമോട്ടര്‍ എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി എസ് എം എസ് ഡി വൈ എസ് പിക്കും പട്ടികവര്‍ഗ കമ്മീഷനും തദ്ദേശ വകുപ്പ് മന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയത് .

പത്മനാഭന്റെ പേരിലാണ് റേഷന്‍ കാര്‍ഡുള്ളത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്താല്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഒത്താശയോടെ റേഷന്‍ കാര്‍ഡില്‍ ട്രൈബല്‍ ഫാമിലി എന്ന് സീല്‍ ചെയ്ത് കൊടുക്കുന്നില്ലെന്നാണ് പരാതി. ട്രൈബല്‍ ഓഫീസറും പ്രമോട്ടറും പ്രസിഡണ്ടും ഒത്ത് കളിച്ചാണ് ഞങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുന്നത്.

ഭാര്യയുടെ പ്രസവ ആനുകുല്യങ്ങളും മകന്റെ സ്‌കോളര്‍ഷിപ്പുപോലും കാര്‍ഡില്‍ സീല്‍ ഇല്ലാത്തതിനാല്‍ ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്താണ് പ്രസിഡന്റ് മറ്റ് വകുപ്പുകളില്‍ അധികാരം ഉപയോഗിച്ച് കൈ കടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. നിരവധി കുടുംബങ്ങളും ഇതേ പോലെ ദുരിതം പേറുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഭാര്യ മറ്റ് സമുദായത്തില്‍പെട്ടതും താന്‍ പട്ടികവര്‍ഗ വിഭാഗവുമാണ്. എന്നിട്ടും തനിക്കും മക്കള്‍ക്കും ലഭിക്കേണ്ട അവകാശമാണ് അധികാരം ഉപയോഗിച്ച് ഇവര്‍ ഇല്ലാതാക്കുന്നതെന്നും പത്മനാഭന്‍ പറയുന്നു.
