KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡിന്റെ അഭിമുഖം മുടങ്ങി

തിരുവനന്തപുരം: ശബരിമലയില്‍ മേല്‍ശാന്തിമാരെ നിയമിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ അഭിമുഖം മുടങ്ങി. ബോര്‍ഡും മന്ത്രി കണ്ഠര് മോഹനരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമുഖം മുടങ്ങിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ മോഹനരെ ഉള്‍പ്പെടുത്താനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. മേല്‍ശാന്തി അഭിമുഖ ബോര്‍ഡില്‍ തന്ത്രി കണ്ഠര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണ് തന്ത്രിക്ക് തിരിച്ചടിയായത്. ബോര്‍ഡില്‍ തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ 11 മണിക്ക് തുടങ്ങേണ്ട മേല്‍ശാന്തി അഭിമുഖം തടസ്സപ്പെടുകയായിരുന്നു. ഇന്റര്‍വ്യുബാര്‍ഡില്‍ അംഗമാകാന്‍ തന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കേസ് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്രയും നാള്‍ മാറി നിന്നതെന്നും തന്ത്രി പറഞ്ഞിരുന്നു.ഹൈക്കോടതി വിലക്കുള്ളതിനാല്‍ മഹേഷ് മോഹനരാണ് നിലവില്‍ ഇന്റര്‍ വ്യൂ ബോര്‍ഡില്‍ പങ്കെടുക്കുന്നത്.

മേല്‍ശാന്തി നിയമനത്തിനായി ആകെ ലഭിച്ച 101 അപേക്ഷകരില്‍ 79 പേരാണ് അവസാന ഇന്റര്‍വ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് ആകെ ലഭിച്ചത് 74 അപേക്ഷകളായിരുന്നു. ഇതില്‍ 57 പേര്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ അഭിമുഖം നടക്കാനിരിക്കെയാണ് തന്ത്രി കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് അഭിമുഖം തടസപ്പെട്ടിരുന്നു. നാളെയാണ് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂവില്‍ യോഗ്യത നേടുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുക.തുലാം മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന ഒക്ടോബര്‍ 18 ന് ശബരിമല ക്ഷേത്രസന്നിധിയില്‍ വച്ചാണ് നറുക്കെടുപ്പ്.

Advertisements

ശബരിമലയിലെ പൂജകളില്‍ നിന്നു വിലക്കേര്‍പ്പെടുത്തിയ കണ്ഠര് മോഹനരുടെ താന്ത്രിക അവകാശം പുനഃസ്ഥാപിക്കണമെന്ന് സന്നിധാനത്തില്‍ ജൂണില്‍ നടന്ന ദേവപ്രശ്‌നത്തില്‍ വിധിച്ചിരുന്നു. മോഹനരെ പ്രതിയാക്കി ശിക്ഷാ നടപടികള്‍ ഇല്ലെന്നും അദ്ദേഹം വാദിയായ കേസിലെ പ്രതികളെ ശിക്ഷിച്ചതായും ദേവസ്വം ബോര്‍ഡ് പ്രശ്‌നവേദിയില്‍ അറിയിച്ചു. കുറ്റം ചെയ്യാത്ത അദ്ദേഹത്തെ പൂജാദി കര്‍മങ്ങളില്‍ നിന്നു വിലക്കിയതു പാപമാണ്. അതിനാല്‍ പാപപരിഹാരമായി തന്ത്രി മോഹനര്‍ക്ക് താന്ത്രിക അവകാശം വീണ്ടും നല്‍കുന്നതിനു തടസമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വേദിയില്‍ പറഞ്ഞു. തുടര്‍ന്ന് മോഹനര്‍ക്കു പൂജ കഴിക്കാന്‍ അവസരം നല്‍കാമെന്ന് തന്ത്രി കണ്ഠര് രാജീവരും പ്രശ്‌നവേദിയില്‍ അറിയിച്ചു.

2006 ലെ ബ്ലാക്മെയിലിങ് കേസിനെ തുടര്‍ന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയത്. തന്ത്രിയെ ഫ്ളറ്റില്‍ എത്തിച്ച്‌ സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വര്‍ണഭാരണവും തട്ടിയെടുക്കുകയായിരുന്നു. എന്നാലിത് തന്ത്രിയെ കുടുക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്ന് തെളിയുകയും പ്രതികളെ ശിക്ഷിക്കുകയും ചെയതു. ശബരിമലയില്‍ നടന്ന് വരുന്ന അഷ്ടമംഗല ദേവപ്രശ്നത്തില്‍ ചെയ്യാത്ത കുറ്റത്തിന് പൂജാദികര്‍മ്മങ്ങളില്‍ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിയുകയും ഇതേ തുടര്‍ന്ന് കണ്ഠര് മോഹനരെ തിരികയെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *