മലപ്പുറം തവനൂരിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം

മലപ്പുറം: മലപ്പുറം തവനൂരിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം. രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്നാണ് വൃദ്ധസദനമധികൃതര്‍ പറയുന്നത്.
മലപ്പുറം തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍. മരണത്തെ ക്കുറിച്ച് അന്വേഷണമാവിശ്യപ്പെട്ട് മൃതദേഹം പുറത്തേക്ക് കൊണ്ട് പോകുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്നുപേരുമാണ് മരിച്ചത്. ഇന്നലെ മരിച്ച ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. കാളിയമ്മ, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നീ അന്തേവാസികളാണ് ഇന്ന് രാവിലെ മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലമാണ് മരണമെന്നാണ് വൃദ്ധസദന അധികൃതര്‍ നല്‍കുന്ന വിശദീകരണം.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വൃദ്ധസദനത്തിലെ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൃദ്ധസദനത്തിന് മുന്നില്‍ യുഡിഎഫ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

