മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ അഭിലാഷിനെ ആസ്റ്റര്‍ഡാം ദ്വീപിലെ ഡോക്ടറുടെ അടുത്തെത്തിക്കും. അഭിലാഷ് സുരക്ഷിതനാണെന്ന് നാവിക സേന അറിയിച്ചു.
മത്സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്ന് വെള്ളിയാഴ്ചയാണ് അഭിലാഷിന് അപകടം സംഭവിച്ചത്. പായ്മരം ഒടിഞ്ഞുവീണ് നടുവിന് പരുക്കേറ്റതിനെത്തുടര്‍ന്ന് നിവര്‍ന്ന് നില്‍ക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയിലാണെന്ന് അഭിലാഷ് സന്ദേശം നല്‍കിയിരുന്നു. പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചത് മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് ജിപിഎസിലൂടെ സന്ദേശമയച്ചിരുന്നു.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ സാബ്‌ലെ ദെലോവ തുറമുഖത്ത് നിന്നാണ് മത്സരം ആരംഭിച്ചത്. 83 ദിവസത്തിന് ശേഷം 19,444 കിലോമീറ്റര്‍ പിന്നിട്ടാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തില്‍ മൂന്നാമതായിരുന്നു അഭിലാഷ് ടോമി. ഏഷ്യയില്‍ നിന്നുള്ള ഏക മത്സരാര്‍ഥിയും അഭിലാഷാണ്.

