രണ്ടുവര്‍ഷമായി തടവിലിട്ടിരുന്ന സ്ത്രീയെ വനിതാ കമ്മീഷന്‍ രക്ഷപ്പെടുത്തി

ഡല്‍ഹി: സഹോദരന്റെ രോഹിണിയിലെ വീട്ടിലെ ടെറസില്‍നിന്ന് അമ്പതുകാരിയെ രക്ഷപ്പെടുത്തി. നാലുദിവസം കൂടുമ്പോള്‍ ഒരു കഷണം ബ്രഡ് മാത്രമായിരുന്നു കഴിക്കാന്‍ തന്നിരുന്നതെന്നും ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും സ്ത്രീ വനിതാ കമ്മീഷനോടു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീയുടെ സഹോദരന് എതിരെ രോഹിണി സെക്ടര്‍ ഏഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
‘വീടിന്റെ ടെറസിനു മുകളില്‍ തടവിലാക്കപ്പെട്ട നിലയില്‍ ഒരു സ്ത്രീ. എല്ലും തോലുമായ രൂപം. സംസാരിക്കാനോ നടക്കാനോ ആളുകളെ തിരിച്ചറിയാനോ പോലും സാധിക്കാത്ത അവര്‍ കിടന്നിരുന്നത് സ്വന്തം വിസര്‍ജ്യത്തിനു നടുവിലും. സ്വന്തം സഹോദരനായിരുന്നു അവരുടെ ആ അവസ്ഥയ്ക്കു കാരണക്കാരന്‍.’വളരെ ദയനീയമായ സാഹചര്യത്തിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വന്തം സഹോദരനാണ് രണ്ടുവര്‍ഷമായി അവരെ തടവിലാക്കിയിരുന്നത്. സ്വന്തം വിസര്‍ജ്യത്തിലായിരുന്നു അവര്‍ കിടന്നിരുന്നത്. സംസാരിക്കാനോ നടക്കാനോ ആളുകളെ തിരിച്ചറിയാന്‍ പോലുമോ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. വെറും അമ്ബതു വയസ്സേ അവര്‍ക്കുള്ളൂ. എന്നാല്‍ തൊണ്ണൂറുവയസ്സ് ഇപ്പോള്‍ തോന്നിക്കുന്നുവെന്നും സ്വാതി ട്വിറ്ററില്‍ കുറിച്ചു.

സ്ത്രീയുടെ മറ്റൊരു സഹോദരനാണ് ഇവരെ കെട്ടിയിട്ടിരുന്ന വിവരം വനിതാ കമ്മീഷനെ അറിയിച്ചത്. തുടര്‍ന്ന് വനിതാ കമ്മീഷന്‍ അടിയന്തരമായി ഇടപെടല്‍ നടത്തുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചെങ്കിലും പോലീസ് സഹായത്തോടെ ഇവര്‍ ഉള്ളില്‍ കടക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.

