അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി ഒരച്ഛന്‍

മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച് അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു ബില്‍ഹോ രയുടെ മകന്‍ പ്രകാശ് ബില്‍ഹോരെ മുംബൈയിലുണ്ടായ ഒരപകടത്തില്‍ മരിച്ചത്. മരിക്കുമ്ബോള്‍ 16 വയസ്സ് മാത്രമായിരുന്നു പ്രകാശിന് പ്രായം.
ബന്ധുവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്രകാശ് മരിക്കുകയും ബന്ധുവിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ തലച്ചോറിന് ക്ഷതമേറ്റാണ് പ്രകാശ് മരിച്ചത്.

തനിക്ക് ഉണ്ടായ വേദന ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് കുഴിനികത്തുന്നതിനെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്. ഭാര്യയ്ക്കും മകള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ദാദാറാവു താമസിക്കുന്നത്. പച്ചക്കറി കച്ചവടക്കാരനാണ് ഈ 48കാരന്‍.

ഇതുവരെ റോഡിലെ 600 ഓളം കുഴികള്‍ ദാദാറാവും സിമന്റും കല്ലുമുപയോഗിച്ച് അടച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ സമീപത്തില്‍നിന്ന് ശേഖരിക്കുന്ന കല്ലും സിമന്റും ഉപയോഗിച്ചാണ് മുംബൈ നഗരത്തിലെ റോഡുകളിലെ കുഴികളെല്ലാം നിരത്തുന്നത്.

ഓരോ കുഴി മൂടിക്കഴിയുമ്ബോഴും മണ്‍വെട്ടി താഴെ വച്ച് അയാള്‍ ആകാശത്തേക്ക് നോക്കും മരിച്ച് പോയ മകന് വേണ്ടി മനസ്സില്‍ പ്രാര്‍ത്ഥിക്കും. മുംബൈയിലെ റോഡുകളില്‍കുഴികളുടെ എണ്ണം അപകടകരമാം വിധം കൂടുതലാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് മുംബൈ നിവാസികള്‍.
