പിണറായിയുടെ രോഗം; വ്യാജ വാർത്തയും പിന്നാമ്പുറവും

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പോയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അസുഖം എന്താണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.ഇതോടെ പിണറായിയുടെ രോഗത്തെ കുറിച്ചും ചികിത്സാ വിവരങ്ങളെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി.
എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് സുനിതാ ദേവദാസ്. കുരു പൊട്ടി ചലം ചീറ്റി പറന്നു നടക്കുന്ന നികൃഷ്ട ജീവികൾക്ക് ആശ്വാസം കിട്ടുമെങ്കിലോ എന്ന് കരുതി ചിലത് വിശദീകരിക്കാം എന്ന് വ്യക്തമാക്കിയാണ് സുനിത ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. പോസ്റ്റ് വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ചികിത്സക്കായി അമേരിക്കയിലാണ്. അദ്ദേഹം അവിടെയെത്തി Rochester ൽ ഉള്ള മയോ ക്ലിനിക്കിൽ ചികിത്സ ആരംഭിച്ചു. അദ്ദേഹത്തിനു വിദ്ഗ്ധ ചികിത്സ ആവശ്യമുണ്ട്. ഇത്രയും പറഞ്ഞത് അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കാതെയല്ല . പലരും എഴുതിയിടുന്നത് വായിച്ചു സഹികെട്ടാണ്. എത്ര വൃത്തികെട്ട രീതിയിലാണ് ആളുകൾ ഒരു മനുഷ്യന്റെ രോഗാവസ്ഥയെ പോലും പരിഹസിക്കുന്നത്

ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി ചില മനുഷ്യാവകാശങ്ങൾ ഉണ്ട്. അതിലൊന്നാണ് സ്വകാര്യത എന്നത്. തന്റെ രോഗാവസ്ഥയടക്കമുള്ള തനിക്ക് പൊതുജനങ്ങളെ അറിയിക്കാൻ താല്പര്യമില്ലാത്ത എന്തും സ്വകാര്യമാക്കി വക്കാൻ ഏത് മനുഷ്യനും അവകാശമുള്ളതു പോലെ പിണറായി വിജയനും അവകാശമുണ്ട്. അത് മാനിക്കുക.

പിണറായി മുഖ്യമന്ത്രിയാണ് , അതിനാൽ രോഗത്തിന്റെയും ചികിത്സയുടെയും മുഴുവൻ വിവരങ്ങളും ഞങ്ങളെ അറിയിക്കണം എന്നൊക്കെ കുറെ പേര് അവകാശം ഉന്നയിക്കുന്നത് കണ്ടു. എന്തവകാശം ? എനിക്ക് എന്റെ രോഗാവസ്ഥ പറയാനോ നിങ്ങളെ അറിയിക്കാനോ താല്പര്യമില്ല എന്ന് പിണറായി പറഞ്ഞാൽ തീരുന്നതേയുള്ളു നിങ്ങളുടെയൊക്കെ അവകാശത്തിനു വേണ്ടിയുള്ള ഈ മുറവിളി. മുറവിളിക്കാർ അത്രയും വൃത്തികെട്ടവരാണെങ്കിൽ നിങ്ങൾക്ക് ചെലവായ പൈസ അറിയാതെ ഉറക്കം വരില്ലെങ്കിൽ അത് ചോദിക്കാം. അപ്പൊ ഒരു തുക നിങ്ങൾക്ക് അറിയാൻ കഴിയും .
എങ്കിലും പിണറായി തന്റെ രോഗാവസ്ഥ ചർച്ച ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ അവിടെ തീരും നിങ്ങളുടെയൊക്കെ അറിയാനുള്ള അവകാശവും അഹങ്കാരവും മര്യാദ പഠിപ്പിക്കലും എല്ലാം. കുരു പൊട്ടി ചലം ചീറ്റി പറന്നു നടക്കുന്ന നികൃഷ്ട ജീവികൾക്ക് ആശ്വാസം കിട്ടുമെങ്കിലോ എന്ന് കരുതി ചിലത് വിശദീകരിക്കാം.
1 . പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ചെറുപ്പ കാലം മുതൽ 74 വയസ്സ് വരെയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. തന്റെ ജീവിതം മുഴുവനും അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിനും സംഘടനാ പ്രവർത്തനത്തിനുമാണ് ചെലവഴിച്ചത്.
അദ്ദേഹത്തിന് എം എൽ എ എന്ന നിലയിൽ ചെറിയ പൈസ ലഭിച്ചിട്ടുണ്ടാവും. ഇപ്പോൾ മുഖ്യമന്ത്രിയുടെ ശമ്പളവും ഉണ്ട്. എന്നാൽ അദ്ദേഹത്തിന് മെഡിക്കൽ ലീവോ , earn ലീവ് സറണ്ടറോ തുടങ്ങി ഒരു സർക്കാർ ഉദ്യോഗസ്ഥന് പോലും കിട്ടുന്ന യാതൊന്നും ഉണ്ടായിരുന്നില്ല. ഒരു ഐ എ എസുകാരന്റെ ശമ്പളം , ആനുകൂല്യങ്ങൾ തുടങ്ങി ഇദ്ദേഹത്തെ പോലെ പണിയെടുക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഓർക്കുക. എന്നിട്ട് അതിനെ മുഴുവൻ സമയ രാഷ്ട്രീയക്കാരുടെ വരുമാനവുമായി ഒന്ന് തട്ടിച്ചു നോക്കുക.
പിണറായി വിജയനെ പോലുള്ള രാഷ്ട്രീയക്കാർ 24 മണിക്കൂറും പണിയെടുത്തു കൊണ്ടിരിക്കുകയാണ്. രാഷ്ട്രനിര്മാണത്തിൽ അവർക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ ഇവർക്കാർക്കും സർക്കാർ ജീവനക്കാരെ പോലെ വരുമാനമില്ല.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് അസുഖം വന്നാൽ ലോകത്തുള്ള ഏറ്റവും നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് ലഭിക്കണം. അതിനു നിലവിൽ നിയമവുമുണ്ട്. അത് പിണറായി വിജയൻ ഉപയോഗപ്പെടുത്തുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാവുന്നത് എന്തിനാണ് മനുഷ്യരെ ?
അദ്ദേഹം അമേരിക്കയിൽ കിട്ടുന്ന ഏറ്റവും നല്ല ചികിത്സ കഴിഞ്ഞു ആരോഗ്യവാനായി തിരിച്ചു വരട്ടെ. ഇത്രയും കാര്യശേഷിയുള്ള മുഖ്യമന്ത്രിയുടെ സേവനം ഇനിയും നമ്മുടെ നാടിന് ആവശ്യമുണ്ട്. അതിനു അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതായിരിക്കുക എന്നതും പ്രധാനമാണ്.
2 . ഒരു വ്യക്തി രാഷ്ട്രീയക്കാരനാവുന്നതും പൊതുപ്രവർത്തകനാവുന്നതും കമ്മ്യൂണിസ്റ് ആവുന്നതും ഒരു ആത്മസമർപ്പണം തന്നെയാണ്. തർക്കമില്ല. എന്നാൽ ജീവിതത്തിൽ വിരക്തിയാവണം അങ്ങനെയുള്ളവരുടെ മുഖമുദ്ര എന്ന് ശഠിക്കുന്നത് ഒരുതരം സാഡിസമാണ്.
രാഷ്ട്രീയക്കാരും മനുഷ്യരാണ്.
കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. അവർ നല്ല വസ്ത്രം ധരിക്കട്ടെ, നല്ല കണ്ണട വെക്കട്ടെ, നല്ല വീട്ടിൽ താമസിക്കട്ടെ , നല്ല വണ്ടിയിൽ യാത്ര ചെയ്യട്ടെ, വേഗമെത്താൻ മന്ത്രിമാർ സിഗ്‌നലിൽ കാത്ത് കിടക്കാതെ മുന്നോട്ട് പോകട്ടെ. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകട്ടെ, അവരുടെ മക്കൾക്ക് നല്ല ജോലിയുണ്ടാവട്ടെ, ബിസിനെസ്സ് ഉണ്ടാവട്ടെ, രോഗം വന്നാൽ അവർ നല്ല ആശുപത്രിയിൽ ചികിത്സിക്കട്ടെ, നല്ല ആഹാരം കഴിക്കട്ടെ .
3 . നാട്ടിൽ പകർച്ച വ്യാധികൾ വന്നാൽ ആദ്യം മരിക്കേണ്ടത് ഭരണാധികാരികൾ അല്ല. വെള്ളപ്പൊക്കം വന്നാൽ ആദ്യമൊഴുകി പോകേണ്ടത് ഭരണാധികാരികളുടെ വീടല്ല, നിങ്ങൾക്ക് ആശ്രയിക്കാനുള്ള അഭയ സ്ഥാനങ്ങളാണ് ഭരണാധികാരികൾ. അവർ ആരോഗ്യത്തോടെ ഇരിക്കട്ടെ. അവരുടെ വിഷനാണ് നാടിൻറെ നന്മ. അവരുടെ ആരോഗ്യമാണ് നാളെയുടെ പുരോഗതി.
കെ കരുണാകരന് ആക്സിഡന്റ് സംഭവിച്ചപ്പോൾ അദ്ദേഹത്തിന് ഏറ്റവും വിശ്വാസം അമേരിക്കയിലെ ഡോക്ടർ എം വി പിള്ളയെ ആയിരുന്നു. കരുണാകരൻ അമേരിക്കയിൽ പോയി ചികിത്സിച്ചു. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നു.
