KOYILANDY DIARY

The Perfect News Portal

നല്ലൊരു കുടുംബചിത്രം കാണണമെന്നുണ്ടെങ്കില്‍ സു സു സുധി വാത്മീകത്തിന് ഒരു ടിക്കറ്റെടുക്കാം.

സു സു സുധി വാത്മീകം:
വിക്കിനെ് ചിരിയുടെ ആത്മകഥയാക്കുമ്പോൾ!
ശാരീരിക‐മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കുറിച്ചുള്ള മുഖ്യധാര ചലച്ചിത്രങ്ങളെല്ലാം തന്നെ അതിരുകവിഞ്ഞ പരിഹാസവും,ചിരിയും ക്രിയേറ്റ് ചെയ്യാനുളള ഒരു മസാല ടൂളായിട്ടാണ് അത്തരം ഭിന്നശേഷിക്കാരുടെ കഥയേയും,കഥാപാത്രങ്ങളേയും പ്രതിനിധാനപ്പെടുത്തുന്നത്.മൂന്നാം ലിംഗക്കാരെ പരിഹസിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചാന്ത്പൊട്ട്,കൂനുളളവനെ കളിയാക്കിച്ചിരിപ്പിച്ച കുഞ്ഞിക്കൂനൻ,മുച്ചിറിയനെ അശ്ലീലക്കാഴ്ചയാക്കിയ സൗണ്ട് തോമ ഉൾപ്പെടെ ദിലീപിന്റെ മിമിക്രി ചിത്രങ്ങൾ മുതൽ മലയാളത്തിലെ സമാന ഇതിവ്യത്തങ്ങളിലൂന്നിയ ചിത്രങ്ങളൊക്കെ തന്നെ ഭിന്നശേഷിക്കാരുടെ പരിക്കുകളേയും,പരിമിതികളേയും ഹാസ്യവും പരിഹാസ്യവുമാക്കി സൈഡ്ലൈൻ ചെയ്യുകയായിരുന്നു.
പ്രേക്ഷകനെന്ന മരത്തലയന്മാർക്ക് കുലുങ്ങിച്ചിരിക്കാനുളള ഉരുപ്പടികളായി ഭിന്നശേഷിക്കാരേയും,ഭിന്നലിംഗക്കാരേയും സ്റ്റോറിയാക്കുന്ന ജനാധിപത്യവിരുദ്ധതയുടെ ചുരുക്കപ്പേരായി കച്ചവട സിനിമ പ്രദർശനം തുടരുക തന്നെയാണെന്നതിന് സു സു സുധി വാത്മീകം എന്ന രഞ്ജിത് ശങ്കറിന്റെ ചിത്രം തെളിവാകുന്നു!
വിക്ക് എന്ന ജനിതപരമായ പരാധീനതയെ ചിരിയും കൊലച്ചിരിയുമാക്കുന്ന ജയസൂര്യ നായകനായ സു സു സുധി വാത്മീകം ചിത്രത്തിന്റെ അവസാന പാദത്തിൽ വിക്കിനെ അനുതാപത്തോടെ വീക്ഷിക്കുന്ന കഥാസന്ദർഭത്തിലേക്ക് വികസിക്കുന്നുണ്ടെങ്കിലും സൂക്ഷ്മാർത്ഥത്തിൽ ചിത്രം നൽകുന്ന സന്ദേശം ഒട്ടും പ്രോത്സാഹനമർക്കുന്നില്ലായെന്ന് തന്നെ പറയേണ്ടി വരും!
വിക്ക് മൂലം ഒരു യുവാവ് കുടുംബത്തിലും,സമൂഹത്തിലും,വ്യക്തിതലത്തിലും അനുഭവിക്കുന്ന ദൈനംദിന സങ്കടങ്ങളൊക്കെയും പ്രേക്ഷക പക്ഷത്തിരുന്ന് കുലുങ്ങിച്ചിരിക്കാനുളള സീനും,സിറ്റുവേഷനുമാക്കി സംവിധായകൻ ഒരുവേള കാണികളിലൊരാളായി കൈയ്യടിക്കുന്ന രീതിയിലാണ് സു സു സുധി വാത്മീകം എന്ന ചിത്രം ആദ്യന്തം ഒരു  ഇൻസൾട്ടിംങ് ടോൺ ആണെന്ന് പറയേണ്ടിവരുന്നത്. നിന്ദയ്ക്കും,പരിഹാസത്തിനും,ചിരിയ്ക്കും കൊലച്ചിരിയ്ക്കുമപ്പുറം ഭിന്നശേഷിയുളളവരെയും,ഭിന്നലൈംഗികതയേയും അഭിസംബോധന ചെയ്യാനുളള മിനിമം ജനാധിപത്യബോധം പോലും പാലിക്കാനും,തിരിച്ചറിയാനും നമ്മുടെ മെയിൻസ്ട്രീം സിനിമക്കാർ സൗന്ദര്യപരമായും,ആശയപരമായും അബോധവാസ്ഥ നടിക്കുന്നതിനാൽ ഇത്തരം സു സു സുധി കണ്ടു ചിരിക്കാതെ നിവൃത്തിയില്ല..!!!!

മഹമൂദ് മൂടാടി-