ലോട്ടറിയടിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുടുംബം
കൊല്ലം: അപ്രതീക്ഷിതമായി തന്നെത്തേടിയെത്തിയ ഭാഗ്യദേവതയെ പ്രളയബാധിതര്‍ക്ക് കൈമാറി വ്യത്യസ്തനാകുകയാണ് കൊല്ലം അഞ്ചല്‍ സ്വദേശി ഹംസ. നിര്‍മല്‍ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് ഹംസയും കുടുംബവും ദുരിതബാധിതര്‍ക്ക് പിന്തുണ നല്‍കുന്നത്. ലോട്ടറി ഏജന്റും വില്‍പ്പനക്കാരനുമാണ് ഹംസ. പ്രളയത്തിലകപ്പെട്ടവരെ എങ്ങനെയാണ് സഹായിക്കാന്‍ സാധിക്കുക എന്ന് ചിന്തിച്ചിരിക്കവേയാണ് തനിക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നതെന്ന് ഹംസ പറയുന്നു.
സമ്മാനാര്‍ഹമായ ടിക്കറ്റ് ഹംസയും ഭാര്യ സോണിയയും മക്കളായ ഹന്നാ ഫാത്തിമ, ഹാദിയ എന്നിവരും ഒന്നിച്ചെത്തിയാണ് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയത്. തുക ദുരിതബാധിതര്‍ക്ക് നല്‍കാമെന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് ഹംസ പറയുന്നു. പ്രളയമേഖലകളില്‍ ഇനിയും തനിക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിക്കാന്‍ തയ്യാറാണെന്നും ഹംസ കൂട്ടിച്ചേര്‍ക്കുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം കൂടിയാണ് ഹംസ.

